main stories

നിയമസഭ തിരഞ്ഞെടുപ്പ്‌; മുസ്‌ലിം ലീഗിന്‌ ലഭിച്ചത് കാല്‍കോടിയോളം വോട്ടുകള്‍

By Manya

May 08, 2026

ലുഖ്മാന്‍ മമ്പാട്

– യു.ഡി.എഫിന്റെ കോടി വോട്ടില്‍ നാലിലൊന്ന്

– പത്തുപേര്‍ക്ക് ലക്ഷത്തിലെറേ വോട്ടുകള്‍

– ഭൂരിപക്ഷത്തില്‍ ആദ്യ മൂന്നു റാങ്കുകളും

– സി.പി.എമ്മിന്റെ ഭൂരിപക്ഷം മൂന്ന് ലക്ഷത്തില്‍ താഴെ

– മുസ്്‌ലിംലീഗ് ആകെ ഭൂരിപക്ഷം എട്ടു ലക്ഷം കടന്നു

കോഴിക്കോട്: സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ നിന്നായി യു.ഡി.എഫ് കോടിയിലേറെ വോട്ടുകള്‍ നേടിയപ്പോള്‍ 27 സീറ്റില്‍ മത്സരിച്ച മുസ്്‌ലിംലീഗിന് ലഭിച്ചത് കാല്‍കോടിയോളം വോട്ട്. യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടുകളില്‍ 2424740 വോട്ടുകളും മുസ്്‌ലിംലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ നേടിയത്. വെറും 27 മണ്ഡലങ്ങളില്‍ മത്സരിച്ചാണ് ഈ നേട്ടം. മലപ്പുറം ജില്ലയിലെ 12 മണ്ഡലങ്ങളില്‍ നിന്ന് മാത്രം മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ 13 ലക്ഷത്തോളം വോട്ടുകള്‍ നേടി. മലപ്പുറം, തിരൂര്‍, കോട്ടക്കല്‍, തിരൂരങ്ങാടി, വളളിക്കുന്ന്, മങ്കട, പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് ലക്ഷത്തിലേറെ വോട്ടുകള്‍ ലഭിച്ചു.

സംസ്ഥാനത്തെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ആദ്യ മൂന്ന് റാങ്കുകളുടെ റെക്കോര്‍ഡും മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തമാക്കി. പി.കെ കുഞ്ഞാലിക്കുട്ടി-മലപ്പുറം (85327 വോട്ടുകളുടെ ഭൂരിപക്ഷം), പി.എം.എ സമീര്‍-തിരൂരങ്ങാടി (63387), ആബിദ് ഹുസൈന്‍ തങ്ങള്‍-കോട്ടക്കല്‍ (62638) എന്നിവരാണ് ആദ്യറാങ്കുകാര്‍. 2021ല്‍ മട്ടന്നൂരില്‍ നിന്ന് സി.പി.എമ്മിന്റെ കെ.കെ ശൈലജ നേടിയ 60963 വോട്ട് ഭൂരിപക്ഷത്തെയാണ് മൂന്ന് മുസ്്‌ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ പിന്തളളിയത്.

82 സീറ്റുകളില്‍ മത്സരിച്ച സി.പി.എം 26 സീറ്റുകളില്‍ (32%) വിജയിച്ചപ്പോള്‍ 27 ല്‍ മത്സരിച്ച മുസ്്‌ലിംലീഗ് 22ലും (81%) വിജയിച്ചു. വിജയിച്ച 22 മണ്ഡലങ്ങളില്‍ നിന്ന് എട്ടു ലക്ഷത്തിലേറെ വോട്ടുകളുടെ (806416) ഭൂരിപക്ഷമാണ് മുസ്്‌ലിംലീഗിനുള്ളത്. 2021ല്‍ മുസ്്‌ലിംലീഗ് വിജയിച്ച 15 മണ്ഡലങ്ങളില്‍ നിന്ന് ആകെ ഭൂരിപക്ഷം രണ്ടു ലക്ഷം (200229) മാത്രമായിരുന്നു. ഭൂരിപക്ഷത്തില്‍ മാത്രം ആറു ലക്ഷത്തിലേറെ വോട്ടുകളുടെ വര്‍ധന. 26 സീറ്റുകള്‍ വിജയിച്ച സി.പി.എമ്മിന് ആകെ ഭൂരിപക്ഷം മൂന്ന് ലക്ഷം (295348) പോലും ഇല്ല. പി.ബി അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെ സി.പി.എമ്മിന്റെ ഒരാള്‍ക്ക് പോലും പാതിയിലേറെ വോട്ടുകള്‍ ലഭിച്ചിട്ടില്ല.

എന്നാല്‍, മുസ്്‌ലിംലീഗിന്റെ പത്തു പേര്‍ക്ക് 50%ല്‍ അധികം വോട്ടുകള്‍ ലഭിച്ചു. ഇതില്‍ തന്നെ മൂന്ന് പേര്‍ക്ക് 60% ല്‍ അധികം വോട്ടുകള്‍ ലഭിച്ചു. യു.ഡി.എഫിന് 46.56% വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍.ഡി.എഫിന് 37.62% വോട്ടുകളാണുള്ളത്. 8.94% വോട്ടുകളുടെ വ്യത്യാസം. 2021ല്‍ എല്‍.ഡി.എഫിന് യു.ഡി.എഫിനെക്കാള്‍ 5.87% വോട്ടുകളാണ് അധികം ലഭിച്ചിരുന്നത്. എന്‍.ഡി.എക്ക 2021ല്‍ 2607314 (12.52%) വോട്ടുകളായിരുന്നെങ്കില്‍ ഇത്തവണ 3149357(14.58%) വോട്ടുകളാണ് ലഭിച്ചത്. ഏഴു സീറ്റുകള്‍ കൂടിയതിന് പുറമെ വോട്ടു വര്‍ധനയില്‍ മുസ്്‌ലിംലീഗാണ് വലിയ മുന്നേറ്റമുണ്ടാക്കിയത്. ആകെ പോള്‍ ചെയ്ത 21597055 വോട്ടുകളില്‍ 2424740 ഉം മുസ്്‌ലിംലീഗിന് 11.23% വോട്ടു വിഹിതമാണുള്ളത്. ആകെയുള്ളതില്‍ 19 % സീറ്റുകളില്‍ (140ല്‍27) മത്സരിച്ച മുസ്്‌ലിംലീഗ് യു.ഡി.എഫിന് ആകെ ലഭിച്ച 10054550 വോട്ടിന്റെ 24.23% വോട്ടുകളും സമാഹരിച്ചത് ജനകീയാടിത്തറയും സ്‌ട്രൈക്ക് റേറ്റും അടിവരയിടുന്നതാണ്.