kerala

കര്‍ഷക ബില്ലിനെതിരെ പ്രമേയം പാസാക്കല്‍; നാളത്തെ പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു

By web desk 1

December 22, 2020

തിരുവനന്തപുരം: നാളെ ചേരേണ്ടിയിരുന്ന കേരള നിയമസഭയുടെ പ്രത്യേക സമ്മേളനം നടക്കില്ല. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിന് അനുമതി നിഷേധിച്ചതോടെയാണ് സമ്മേളനം നടത്താന്‍ കഴിയാതെ വന്നത്. സമ്മേളനം ചേരേണ്ട അടിയന്തര സാഹചര്യം ഇല്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി.

സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്യുകയും ചെയ്തു. ഈ ശുപാര്‍ശയില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കിയ മറുപടിയാണ് ഗവര്‍ണര്‍ തള്ളിക്കളഞ്ഞത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പുതിയ കാര്‍ഷിക നിയമം രാജ്യത്തേയും കേരളത്തിലേയും കര്‍ഷകരെ ഗുരുതരമായി ബാധിക്കുമെന്നും നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷക പ്രക്ഷോഭം നടക്കുകയാണെന്നും ഈ സാഹചര്യത്തില്‍ നിയമസഭ ചേര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്ഭവന് മറുപടി നല്‍കിയിരുന്നു. ഇതിന്മേലാണ് ഗവര്‍ണറുടെ നടപടി.

നാളെ ഒരു മണിക്കൂര്‍ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനായിരുന്നു കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.