News

നോമ്പും വേനല്‍ ചൂടും; പഴവില കുതിക്കുന്നു, സാധാരണക്കാര്‍ ആശങ്കയില്‍

By Manya

February 13, 2026

തൃശൂര്‍: റംസാന്‍ നോമ്പ് ആരംഭിക്കുന്നതോടെയും വേനല്‍ ചൂട് കനക്കുന്നതോടെയും ജില്ലയില്‍ പഴവിപണിയില്‍ വിലക്കയറ്റം രൂക്ഷമാകുന്നു. ഇഫ്താര്‍ വിരുന്നുകള്‍ക്കും ആരോഗ്യകരമായ ഭക്ഷണത്തിനുമായി പഴവര്‍ഗ്ഗങ്ങള്‍ക്ക് ആവശ്യകത വര്‍ധിച്ചതും ചൂട് കാരണം ലഭ്യത കുറയുന്നതുമാണ് വില ഉയരാന്‍ പ്രധാന കാരണം.

വിപണിയില്‍ ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത് ആപ്പിളിനാണ്. ഇന്ത്യന്‍ ആപ്പിളുകളുടെ ലഭ്യത കുറഞ്ഞതോടെ ന്യൂസിലാന്‍ഡ്, ഇറ്റലി, യു.എസ്., തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി ആപ്പിളുകളാണ് ലഭിക്കുന്നത്. കിലോയ്ക്ക് 200 മുതല്‍ 280 രൂപ വരെയാണ് വില. മുമ്പ് 80 രൂപയ്ക്ക് ലഭിച്ചിരുന്ന ഇന്ത്യന്‍ ആപ്പിളുകളുടെ സ്ഥാനത്താണ് ഇപ്പോള്‍ ഉയര്‍ന്ന വിലയിലുള്ള വിദേശ ഇനങ്ങള്‍. വില വര്‍ധനയെ തുടര്‍ന്ന് ചില ചെറുകിട വ്യാപാരികള്‍ ആപ്പിള്‍ വില്‍പ്പന തന്നെ നിര്‍ത്തിയിട്ടുണ്ട്.

ഉത്തരേന്ത്യയിലെ വിവാഹ സീസണും റംസാന്‍ വിപണി ലക്ഷ്യമിട്ട് വിളവെടുപ്പ് വൈകിപ്പിക്കുന്ന പ്രവണതയും മൂലം പൈനാപ്പിളിന്റെ വില 50 രൂപയില്‍ നിന്ന് 80 രൂപയായി ഉയര്‍ന്നു. അനാര്‍ 230 രൂപയും പേരക്ക 120 രൂപവരെയുമാണ് നിലവിലെ വില.

വേനല്‍ ശക്തമായതോടെ തണ്ണിമത്തന്‍ ആവശ്യകത കൂടിയിട്ടുണ്ട്. കര്‍ണാടകയും മഹാരാഷ്ട്രയും നിന്നാണ് പ്രധാനമായും വരവ്. ഇപ്പോള്‍ വില നിയന്ത്രണത്തിലുണ്ടെങ്കിലും വരും ദിവസങ്ങളില്‍ വര്‍ധന സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. വെള്ള മുന്തിരി കിലോയ്ക്ക് 140 രൂപ, കറുത്ത മുന്തിരി 160 രൂപ, കിനൂ ഓറഞ്ച് 100 രൂപ എന്നിങ്ങനെയാണ് വില. നേന്ത്രപ്പഴത്തിന് നിലവില്‍ വിലയില്‍ മാറ്റമില്ലെന്നത് ആശ്വാസകരമാണ്.

അതേസമയം കടുത്ത ചൂട് കാരണം പഴങ്ങള്‍ വേഗത്തില്‍ നശിക്കുന്നതോടെ വ്യാപാരികള്‍ക്കും സാമ്പത്തിക നഷ്ടം നേരിടേണ്ടിവരുന്നുണ്ട്. നോമ്പ് മാസത്തില്‍ ആവശ്യകത കൂടി നില്‍ക്കുന്ന സാഹചര്യത്തില്‍ വിലക്കയറ്റം സാധാരണക്കാരന്റെ കുടുംബ ബജറ്റിന് തിരിച്ചടിയാകുമെന്ന ആശങ്ക ശക്തമാണ്.