kerala

വയനാട് വീടിന് മുന്നില്‍ പുള്ളിപ്പുലി; ഭീതിയില്‍ നാട്ടുകാര്‍

By webdesk17

September 08, 2025

വയനാട് കല്‍പറ്റ ചുണ്ടേലില്‍ വീടിന് മുന്നിലൂടെ നടന്നുപോയ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞതോടെ നാട്ടുകാര്‍ ആശങ്കയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് പുലി കണ്ണന്‍ചാത്ത് പ്രദേശത്ത് പ്രത്യക്ഷപ്പെട്ടത്. വിജേഷിന്റെ വീട്ടിലെ കാര്‍പോര്‍ച്ചില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ദൃശ്യം വ്യക്തമായി പതിഞ്ഞത്. തുടര്‍ന്ന് പുലിയെ വനംവകുപ്പ് കൂടുവച്ച് പിടികൂടണമെന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചു.

കഴിഞ്ഞ ആഴ്ചയും ഇതേ പ്രദേശത്ത് പുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. കണ്ണന്‍ചാത്ത് കൂരിയില്‍ ഉണ്ണികൃഷ്ണന്റെ വീടിന് മുന്നില്‍ വ്യാഴാഴ്ച പുലിയും കുഞ്ഞും പ്രത്യക്ഷപ്പെട്ടു. രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. ഉണ്ണികൃഷ്ണന്‍ ജോലിക്കു പോയതിനു പിന്നാലെ ഭാര്യ ബിനീഷ വീടിന് മുന്നിലിറങ്ങിയപ്പോഴാണ് പുലിയെ കണ്ടത്. വിവരം അറിഞ്ഞെത്തിയ അയല്‍വാസികള്‍ എത്തിയപ്പോള്‍ പുലിയും കുഞ്ഞും സമീപത്തെ തേയിലച്ചെടികളിലേക്ക് മറഞ്ഞു.

വനംവകുപ്പിന്റെ ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി കാല്‍പ്പാടുകള്‍ പരിശോധിച്ച് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. തിരച്ചില്‍ നടത്തിയെങ്കിലും അന്ന് പുലിയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.