india

രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തട്ടെ, അപ്പോൾ ഞാൻ രാഷ്ട്രീയം പറയുന്നത് നിർത്താം -സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി

By webdesk13

July 17, 2024

രാഷ്ട്രീയക്കാർ മതം പറയുന്നത് നിർത്തിയാൽ താൻ രാഷ്ട്രീയം പറയുന്നത് നിർത്താമെന്ന് ഉത്തരാഖണ്ഡ് ജ്യോതിർമഠത്തിലെ ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി. രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിക്കണം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘ഞങ്ങൾ മതാചാര്യന്മാരാണ്. രാഷ്ട്രീയ പ്രസ്താവനകൾ നടത്തേണ്ടവരല്ല. എന്നാൽ, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടരുത്. ഇപ്പോൾ രാഷ്ട്രീയക്കാർ നിരന്തരം മതത്തിൽ ഇടപെട്ടുകൊണ്ടിരിക്കുകയാണ്. ഞാൻ ഉറപ്പുതരുന്നു, രാഷ്ട്രീയക്കാർ മതത്തിൽ ഇടപെടുന്നത് അവസാനിപ്പിച്ചാൽ ഞങ്ങൾ രാഷ്ട്രീയം പറയുന്നതും അവസാനിപ്പിക്കാം’ -അദ്ദേഹം പറഞ്ഞു.

കേദാർനാഥ് ക്ഷേത്രത്തിന്‍റെ മാതൃക ഡൽഹിയിൽ നിർമിക്കുന്നതിനെയും സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി വിമർശിച്ചു. ശിവപുരാണത്തിൽ 12 ജ്യോതിർലിംഗങ്ങളെ കുറിച്ച് പറയുന്നുണ്ട്. ശിവപുരാണം അനുസരിച്ച് ഹിമാലയമാണ് കേദാർനാഥിന്‍റെ വിലാസം. പിന്നെയെങ്ങനെ കേദാർനാഥ് ഡൽഹിയിൽ സ്ഥാപിക്കാനാകും. രാഷ്ട്രീയക്കാർ മതകേന്ദ്രങ്ങളിലും ഇടപെട്ടുകൊണ്ടിരിക്കുകയാണ് -അദ്ദേഹം ചൂണ്ടിക്കാട്ടി.

കേദാർനാഥ് ക്ഷേത്രത്തിൽനിന്ന് 228 കിലോ സ്വർണം കാണാതായെന്ന ആരോപണം സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി ഉന്നയിച്ചിരുന്നു. ഒരു അന്വേഷണവും ഇതുവരെ തുടങ്ങിയിട്ടില്ല. ആരാണ് ഇതിന് ഉത്തരവാദി. ഇപ്പോൾ അവർ പറയുന്നു, ഡൽഹിയിൽ മറ്റൊരു കേദാർനാഥ് പണിയുകയാണ്. ഇതൊരിക്കലും നടക്കില്ല- അദ്ദേഹം പറഞ്ഞു.