News

‘മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ; നിന്റെ അപ്പൻ കൂടെയുണ്ട്’ — മകനെ പിന്തുണച്ച് ടിനി ടോം

By Manya

March 01, 2026

ലഹരിവസ്തുക്കൾ കൈവശം വച്ചതുമായി ബന്ധപ്പെട്ട കേസിൽ മകൻ ആദം ഷീം ഉൾപ്പെട്ടതിനു പിന്നാലെ, നടൻ ടിനി ടോം ആദ്യമായി പരസ്യ പ്രതികരണവുമായി രംഗത്തെത്തി. മഹാത്മാഗാന്ധി സർവകലാശാല കലോത്സവത്തിൽ മകന് ലഭിച്ച ഫലകത്തിന്റെയും സർട്ടിഫിക്കറ്റിന്റെയും ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചുകൊണ്ടാണ് ടിനി ടോം തന്റെ നിലപാട് വ്യക്തമാക്കിയത്.

“എല്ലാം കാലം തെളിയിക്കും. നിന്റെ അപ്പൻ കൂടെയുണ്ട്” എന്ന വാചകത്തോടെയാണ് ടിനി ടോം കുറിപ്പ് അവസാനിപ്പിച്ചത്. കുറിപ്പിൽ, മകന്റെ നേട്ടത്തിൽ അഭിമാനം പ്രകടിപ്പിച്ച അദ്ദേഹം, “നീ എപ്പോഴും എന്റെ ഹീറോയാണ്” എന്നും രേഖപ്പെടുത്തി. ബൈബിൾ വാക്യങ്ങൾ ഉദ്ധരിച്ചുകൊണ്ട്, “മറ്റുള്ളവന്റെ വീഴ്ചയിൽ സന്തോഷിക്കുന്നവർ ആഘോഷിക്കട്ടേ. ഏത് കുരിശിനും മൂന്നാം നാൾ ഉയർത്തെഴുന്നേൽപ്പുണ്ടാകും” എന്നും ടിനി ടോം കുറിച്ചു.

അതേസമയം, സംഭവത്തെക്കുറിച്ച് വിവരങ്ങൾ അന്വേഷിച്ചെത്തിയ ഒരാളുടെ കമന്റിന് മറുപടിയായി, “അവന്റെ കയ്യിൽ നിന്നല്ല ലഹരിവസ്തുക്കൾ പിടിച്ചത്” എന്ന് ടിനി ടോം വ്യക്തമാക്കി. ഇതിനു പിന്നാലെ, നിരവധി സിനിമാതാരങ്ങളും പ്രേക്ഷകരും ടിനിയുടെ പോസ്റ്റിന് പിന്തുണയുമായി രംഗത്തെത്തി.

ലഹരിയെ ഭയന്ന് മകന് സിനിമയിൽ ലഭിച്ച അവസരം വേണ്ടെന്നുവെച്ചുവെന്ന ടിനി ടോമിന്റെ രണ്ടുവർഷം മുൻപുള്ള പ്രസംഗവും വീണ്ടും ചർച്ചയാകുകയാണ്. കേരള സർവകലാശാല യുവജനോത്സവത്തിന്റെ ഉദ്ഘാടനവേദിയിലായിരുന്നു അന്നത്തെ അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ. കൂടാതെ, ലഹരിക്കെതിരായ പൊലീസിന്റെ ‘യോദ്ധാവ്’ ബോധവത്കരണ പരിപാടിയുടെ അംബാസഡറായും ടിനി ടോം പ്രവർത്തിച്ചിരുന്നു.