india

‘അക്രമികളുടെ കൈ വെട്ടാം, അതിക്രമങ്ങളെ നേരിടാം’; പെണ്‍കുട്ടികള്‍ക്ക് വാള്‍ നല്‍കി വിവാദം സൃഷ്ടിച്ച് ബിജെപി എംഎല്‍എ

By webdesk14

October 13, 2024

പട്ന: വിജയ ദശമി ആഘോഷത്തിനിടെ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബി.ജെ.പി എം.എൽ.എ. ബിഹാറിലെ സിതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെയാണ് എം.എൽ.എയായ മിഥിലേഷ് കുമാർ വാളുകൾ നൽകിയത്. സ്കൂൾ, കോളജ് വിദ്യാർഥിനികൾക്കാണ് വാളുകൾ വിതരണം ചെയ്തത്. ആരെങ്കിലും ദേഹത്ത് മോശമായി സ്പർശിച്ചാൽ അവരുടെ കൈവെട്ടണം എന്നാണ് വാളുകൾ നൽകി എം.എൽ.എ പെൺകുട്ടികളോട് പറഞ്ഞത്.

‘‘ വാളുകൾ നൽകി നമ്മുടെ സഹോദരിമാരെ ശാക്തീകരിക്കുകയാണ് ചെയ്തത്. അവരെ ആക്രമിക്കുന്നവരുടെ കൈകൾ വെട്ടിയെടുക്കാൻ വാളുകൾ ഉപകരിക്കും. സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന്റെ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. പിന്നീട് നീതി ലഭിക്കാനായി അവർക്ക് ഓടിനടക്കേണ്ടി വരുന്നു. നീതിലഭിക്കുന്നത് പലപ്പോഴും വൈകുന്നു. പല നേതാക്കളും പ്രതികൾക്ക് അനുകൂലമായാണ് സംസാരിക്കുന്നത്. ഈ വാളുപയോഗിച്ച് പെൺകുട്ടികൾക്ക് സ്വയം രക്ഷിക്കാൻ കഴിയും ’’– മിഥിലേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.