india

നമുക്ക് ഒരുമിച്ച് ജയിക്കാം: സാദിഖലി ശിഹാബ് തങ്ങൾ

By webdesk13

May 27, 2024

കോഴിക്കോട്: നമ്മൾ ഒറ്റക്ക് ജയിക്കേണ്ടവരല്ലെന്നും ഒരുമിച്ച് ജയിക്കേണ്ടവരാണെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്‌നേഹ സദസ്സിൽ അധ്യക്ഷ പ്രഭാഷണം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാഹവും വിശപ്പും മനുഷ്യ സഹജമാണ്. സ്‌നേഹത്തിന് വേണ്ടി ദാഹിക്കുന്നതും മനുഷ്യ സഹജമാണ്.

അതുകൊണ്ടാണ് കവികൾ എപ്പോഴും സ്‌നേഹത്തെക്കുറിച്ച് പറയുന്നത്. സഹജീവി സ്‌നേഹം എപ്പോഴും നിലനിർത്തണം. അപ്പോൾ മാത്രമേ പ്രകൃതി പോലും നിലനിൽക്കുകയുള്ളൂ. ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഓരോ നിമിഷവും വിനിയോഗിക്കണം. മനുഷ്യബന്ധം ഊഷ്മളമാക്കി നിലനിർത്തിയാലേ പടച്ചവനോടുള്ള ബന്ധത്തിന് പ്രസക്തിയുള്ളൂ- തങ്ങൾ പറഞ്ഞു.

ഈ കൂടിയിരുത്തം ഏതാനും മണിക്കൂറുകൾ മാത്രം പോര. ഇത് തുടർന്ന് കൊണ്ടിരിക്കണം. ഇത് തലമുറകൾക്ക് വേണ്ടിയാണ്. ഭൂതകാലത്തോടല്ല, വർത്തമാനത്തോടും ഭാവിയോടുമാണ് നമുക്ക് സംവദിക്കാനുള്ളത്. വരാനിരിക്കുന്ന തലമുറയോടാണ് സംവദിക്കാനുള്ളത്. അതാണ് നാം ചെയ്തുകൊണ്ടിരിക്കുന്നത്. വരുംതലമുറക്ക് വേണ്ടി നാടിനെ നിലനിർത്താനുള്ള പ്രതലമൊരുക്കണം. അവർക്ക് നമ്മളൊരു മാതൃകയാവണമെന്നും തങ്ങൾ പറഞ്ഞു.