india

കത്തെഴുതാന്‍ എളുപ്പമാണ്; പക്ഷേ പറയുന്നതല്ല ചെയ്യുന്നത്, അമിത് ഷായ്ക്ക് മറുപടി നല്‍കി മല്ലികാര്‍ജുന്‍ ഖാര്‍ഗെ

By webdesk13

July 26, 2023

മണിപ്പുര്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് തനിക്ക് കത്തെഴുതിയ ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മറുപടി. കത്തെഴുതാന്‍ എളുപ്പമാണ്, പക്ഷെ അമിത് ഷായുടെ കത്തിലെ വാക്കുകളും പാര്‍ലമെന്റില്‍ ഭരണകക്ഷിയുടെ പ്രവൃത്തികളും ചേര്‍ച്ചയില്ലെന്ന് ഖാര്‍ഗെ മറുപടിയില്‍ വ്യക്തമാക്കി.

മണിപ്പുര്‍ പ്രശ്‌നത്തെച്ചൊല്ലിയുള്ള പാര്‍ലമെന്റ് സ്തംഭനം ഒഴിവാക്കാന്‍ സഹകരിക്കണമെന്നഭ്യര്‍ഥിച്ചാണ് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാക്കള്‍ക്ക് അമിത് ഷാ കത്തെഴുതിയത്. സര്‍ക്കാരിനു ഭയമില്ലെന്നും ഒന്നും മറച്ചുവെക്കാനില്ലെന്നും ഏതു വിഷയവും ചര്‍ച്ചചെയ്യാന്‍ തയ്യാറാണെന്നും അമിത് ഷാ കത്തില്‍ പറഞ്ഞിരുന്നു.

‘നിങ്ങളില്‍ നിന്ന് ലഭിച്ച കത്ത് വസ്തുനിഷ്ഠമായ ഒന്നല്ല, കത്തിലെ വാക്കുകളും പ്രവൃത്തികളും തമ്മില്‍ പ്രകടമായ വ്യത്യസങ്ങളുണ്ട്. പാര്‍ലമെന്റില്‍ സര്‍ക്കാര്‍ അസഹിഷ്ണുത കാണിക്കുകയാണ്. അവരുടെ ഇഷ്ടങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്’ ഖാര്‍ഗെ മറുപടി കത്തില്‍ വ്യക്തമാക്കി. മണിപ്പുര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു പ്രസ്താവന നടത്തണമെന്നാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിന് ശേഷം ചര്‍ച്ചയാകാമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

‘ഒരേ ദിവസം, പ്രധാനമന്ത്രി മോദി ഞങ്ങളെ തീവ്രവാദ സംഘടനകളുമായി താരതമ്യപ്പെടുത്തി, പ്രതിപക്ഷ പാര്‍ട്ടികളുടെ സഹകരണം അഭ്യര്‍ത്ഥിച്ച് ആഭ്യന്തരമന്ത്രി കത്തെഴുതുകയും ചെയ്തു. സര്‍ക്കാരും പ്രതിപക്ഷവും തമ്മിലുള്ള അകലം വര്‍ഷങ്ങളായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഭരണത്തിലും ഒരു വിടവ് കാണുന്നു. പ്രധാനമന്ത്രി മോദി ‘ഇന്ത്യ’യെ ദിശാബോധമില്ലാത്തവരെന്ന് വിളിക്കുന്നത് നിര്‍ഭാഗ്യകരമാണ്’ ഖാര്‍ഗെ ട്വിറ്ററില്‍ കുറിച്ചു.