Culture

കലാഭവന്‍ മണിയുടെ മരണം: സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാവും

By chandrika

February 08, 2019

കൊച്ചി: കലാഭവന്‍ മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നുണപരിശോധനക്ക് ഹാജരാകാം എന്ന് കോടതിയെ അറിയിച്ചു. സാബുമോനും ജാഫര്‍ ഇടുക്കിയും അടക്കം ഏഴ് പേരാണ് നുണ പരിശോധനക്ക് ഹാജരാകാന്‍ തയ്യാറാണ് എന്നറിയിച്ചത്. എറണാകുളം സിജെഎം കോടതിയില്‍ നേരിട്ട് ഹാജരായാണ് ഏഴുപേരും പരിശോധനക്ക് സമ്മതം അറിയിച്ചത്.

കലാഭവന്‍ മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനക്ക് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങുകയായിരുന്നു. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുക്കുകയും ചെയ്തു.