ന്യൂഡൽഹി: പ്രതികൾക്ക് ജീവിതാവസാനം വരെ ഇളവില്ലാത്ത ജീവപര്യന്തം തടവുശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിചാരണക്കോടതിയുടെ ശിക്ഷ ശരിവച്ച കര്‍ണാടക ഹൈക്കോടതി ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. കിരൺ വേഴ്സസ് ദി സ്റ്റേറ്റ് ഓഫ് കര്‍ണാടക കേസിലാണ് ജസ്റ്റിസുമാരായ എ. അമാനുള്ള, കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.
ഇളവില്ലാത്ത ജീവപര്യന്തം തടവ് വിധിക്കാൻ ഭരണഘടനാകോടതികൾക്ക്—സുപ്രീംകോടതിക്കും ഹൈക്കോടതികൾക്കും—മാത്രമാണ് അധികാരമെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവ് എന്നത് ജീവിതാവസാനംവരെ എന്നർത്ഥം വഹിക്കുന്നുവെങ്കിലും, ഭരണഘടനയുടെ അനുച്ഛേദങ്ങൾ 72, 161 എന്നിവയുടെയും സിആർപിസി വ്യവസ്ഥകളുടെയും പ്രകാരമുള്ള ഇളവുകൾക്ക് വിധേയമായിട്ടേ ശിക്ഷ വിധിക്കാനാകൂ എന്നും കോടതി പറഞ്ഞു.
അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ 25 മുതൽ 30 വർഷം വരെയോ, അല്ലെങ്കിൽ ജീവിതാന്ത്യംവരെ പ്രതിക്ക് ഇളവില്ലാത്ത ശിക്ഷ വിധിക്കാം. എന്നാൽ 14 വർഷത്തിനു മുകളിലുള്ള ഇളവില്ലാത്ത ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
2014 ജനുവരി 1ന്, അഞ്ച് കുട്ടികളുടെ അമ്മയും വിധവയുമായ സ്ത്രീയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലാണ് ഈ വിധി. ശാരീരികബന്ധത്തിന് സ്ത്രീ എതിർത്തതിനെ തുടർന്ന് പ്രതി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. 60 ശതമാനം പൊള്ളലേറ്റ സ്ത്രീ പത്ത് ദിവസത്തിന് ശേഷം മരിച്ചു. ഐപിസി സെക്ഷൻ 302 പ്രകാരം വിചാരണ കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും, സ്വാഭാവിക ജീവിതാവസാനം വരെ തടവ് അനുഭവിക്കണമെന്ന നിരീക്ഷണത്തോടെ സിആർപിസി സെക്ഷൻ 428 പ്രകാരമുള്ള ആനുകൂല്യം നിഷേധിക്കുകയും ചെയ്തിരുന്നു.
എന്നാൽ സുപ്രീംകോടതി ശിക്ഷ 14 വർഷത്തെ ജീവപര്യന്തമായി കുറയ്ക്കുകയും, ഇളവിനായി അപേക്ഷ സമർപ്പിക്കാൻ പ്രതിക്ക് അനുമതി നൽകുകയും ചെയ്തു.