News

നൗകാമ്പിലേക്ക് തിരിച്ചെത്തി ലയണല്‍ മെസ്സി; ഹൃദയസ്പര്‍ശിയായ കുറിപ്പുമായി മെസ്സി

By webdesk18

November 10, 2025

ബാഴ്സലോണ: ദീര്‍ഘകാലത്തിന് ശേഷം ബാഴ്സലോണയുടെ തട്ടകമായ നൗകാമ്പിലേക്ക് ലയണല്‍ മെസ്സി തിരിച്ചെത്തി. ഞായറാഴ്ചയാണ് താരം സ്റ്റേഡിയത്തില്‍ രഹസ്യ സന്ദര്‍ശനം നടത്തിയത്. 2021ല്‍ കറ്റാലന്‍ ക്ലബിനോട് വിടപറഞ്ഞതിന് ശേഷം ഇതാദ്യമായാണ് മെസ്സി തന്റെ പഴയ ഹോം മൈതാനത്തേക്ക് കാല്‍വെക്കുന്നത്.

ഇന്റര്‍ മയാമി-നാഷ്വില്‍ മത്സരത്തിലെ തിളക്കമാര്‍ന്ന പ്രകടനത്തിന് പിന്നാലെയായിരുന്നു ഈ സന്ദര്‍ശനം. ബാഴ്സലോണയുടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് 2021ല്‍ മെസ്സിയെ ക്ലബില്‍നിന്ന് വിടവാങ്ങാന്‍ നിര്‍ബന്ധിതനാക്കിയത്. തുടര്‍ന്ന് രണ്ട് സീസണുകള്‍ പിഎസ്ജിയില്‍ നെയ്മറിനൊപ്പവും, 2023 മുതല്‍ അമേരിക്കന്‍ എംഎല്‍എസ് ക്ലബായ ഇന്റര്‍ മയാമിയിലും താരം കളിക്കുകയാണ്. കരിയറിന്റെ അവസാനഘട്ടത്തിലും മെസ്സി മയാമിക്ക് വേണ്ടി മികവ് തുടരുകയാണ്.

നൗകാമ്പ് സന്ദര്‍ശനത്തിന് പിന്നാലെ താരം സമൂഹമാധ്യമങ്ങളിലൂടെ ഹൃദയസ്പര്‍ശിയായ കുറിപ്പ് പങ്കുവെച്ചു. സ്റ്റേഡിയത്തിനകത്തും പുറത്തും നിന്നുള്ള ചിത്രങ്ങളോടൊപ്പം മെസ്സി കുറിച്ചു:

‘ഇന്നലെ രാത്രിയില്‍ എന്റെ ഹൃദയം എപ്പോഴും മിസ് ചെയ്തിരുന്ന സ്ഥലത്തേക്ക് ഞാന്‍ തിരിച്ചെത്തി. ഞാന്‍ അതിയായി സന്തോഷിച്ചിരുന്ന, ലോകത്തിലെ ഏറ്റവും സന്തോഷവാനാക്കിയിരുന്ന സ്ഥലത്തിലേക്ക്. വീണ്ടും ഇവിടേക്ക് തിരിച്ചുവരാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.”

അര്‍ജന്റൈനിയന്‍ താരത്തിന്റെ ഈ സന്ദേശം ആരാധകരെ ആവേശത്തിലാഴ്ത്തി. സമൂഹമാധ്യമങ്ങളില്‍ ബാഴ്സലോണയിലേക്ക് മെസ്സിയുടെ തിരിച്ചുവരവിനായി ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയാണ്.