kerala

കുതിപ്പിനിടെ ചെറിയ ആശ്വാസം; പവന് 800 രൂപ കുറഞ്ഞു

By Lubna Sherin K P

January 29, 2026

കൊച്ചി: രാവിലെ റെക്കോര്‍ഡ് ഉയരത്തിലെത്തിയ സ്വര്‍ണവില വൈകുന്നേരത്തോടെ ചെറിയ തോതില്‍ കുറഞ്ഞു. വ്യാഴാഴ്ച (29.01.2026) ഉച്ചയ്ക്ക് ശേഷം നടന്ന വ്യാപാരത്തില്‍ പവന്‍ വിലയില്‍ 800 രൂപയുടെ ഇടിവ് രേഖപ്പെടുത്തി.

പുതുക്കിയ വിലവിവരങ്ങള്‍

22 കാരറ്റ് സ്വര്‍ണം (ഒരു പവന്‍): 1,30,360 രൂപ

22 കാരറ്റ് സ്വര്‍ണം (ഒരു ഗ്രാം): 16,295 രൂപ (100 രൂപ കുറഞ്ഞു)

18 കാരറ്റ് സ്വര്‍ണം (ഒരു പവന്‍): 1,07,040 രൂപ

14 കാരറ്റ് സ്വര്‍ണം (ഒരു പവന്‍): 83,360 രൂപ

ഇന്ന് രാവിലെ പവന്‍ വില ഒറ്റയടിക്ക് 8,640 രൂപ വര്‍ധിച്ച് 1,31,160 രൂപ എന്ന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയിരുന്നു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദിവസം ഇത്ര വലിയ വര്‍ധനവുണ്ടാകുന്നത്.

അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നതിനെത്തുടര്‍ന്ന് നിക്ഷേപകര്‍ ലാഭമെടുത്തതാണ് (Profit Booking) ഉച്ചയ്ക്ക് ശേഷം വില കുറയാന്‍ കാരണമായത്. ജി.എസ്.ടിയും പണിക്കൂലിയും ചേരുമ്പോള്‍ നിലവില്‍ ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഏകദേശം 1.50 ലക്ഷം രൂപയോളം ചിലവ് വരും.

ആഗോള സാമ്പത്തിക രംഗത്തെ അനിശ്ചിതത്വങ്ങള്‍, രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധസാഹചര്യങ്ങള്‍, യു.എസ്. ഏര്‍പ്പെടുത്തുന്ന വ്യാപാര തീരുവകള്‍ എന്നിവയാണ് സ്വര്‍ണവിലയെ സ്വാധീനിക്കാനുള്ള പ്രധാന കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ലോകമെമ്പാടും സ്വര്‍ണത്തിന് സ്വീകാര്യത കൂടുന്നതും വില വര്‍ധനവിന് കാരണമാകുന്നു.