മ്യൂണിക്: സെനഗല്‍ കാരം സാദിയോ മാനേയുടെ മിന്നും പ്രകടനത്തിന്റെ വെളിച്ചത്തില്‍ ബയേണ്‍ മ്യൂണികിനെ ലിവര്‍പൂള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് മറികടന്നു. ജയത്തോടെ ലിവര്‍പൂള്‍ ഓഡി കപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഫൈനലില്‍ ലിവര്‍പൂള്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ നേരിടും.
കഴിഞ്ഞ സീസണില്‍ ആദ്യ നാലിലെത്താനായെങ്കിലും മാനേയുടെ പരിക്ക് ടീമിനെ അവസാന മത്സരങ്ങളില്‍ കാര്യമായി ബാധിച്ചിരുന്നു. എങ്കിലും മടങ്ങി വരവിലും മാനേ തന്റെ വരവ് അറിയിക്കുന്ന പ്രകടനമാണ് താരനിബിഡമായ ബയേണിനെതിരെ പുറത്തെടുത്തത്. മാനേക്കു പുറമെ മുഹമ്മദ് സാലിഹ്, ഡാനിയല്‍ സ്റ്ററിഡ്ജ് എന്നിവരാണ് ലിവര്‍പൂളിന് വേണ്ടി സ്‌കോര്‍ ചെയ്തത്.
ആറാം മിനിറ്റിലാണ് റോബര്‍ട്ടോ ഫിര്‍മിനോയുടെ പാസില്‍ നിന്നും മാനേ ലിവര്‍പൂളിന് വേണ്ടി ആദ്യ ഗോള്‍ സ്‌കോര്‍ ചെയ്തത്. മാനേയുടെ ഇടങ്കാലന്‍ ഷോട്ട് തടുക്കാന്‍ ബയേണ്‍ ഗോള്‍കീപ്പര്‍ സ്വന്‍ ഉള്‍റീച്ചിനായില്ല. കഴിഞ്ഞ ഏപ്രില്‍ ഒന്നിന് കാല്‍മുട്ടിന് പരിക്കേറ്റ് ഓപറേഷന് വിധേയനാകേണ്ടി വന്ന മാനേ വിശ്രമത്തിന്റെ ആലസ്യമൊന്നും തിരിച്ചുവരവില്‍ പ്രകടിപ്പിച്ചില്ല.
ആദ്യ പകുതിയില്‍ പന്ത് ഏറിയ നേരവും കൈവശം വെച്ച ബയേണിന് പക്ഷേ കാര്യമായ ഭീഷണി ഉയര്‍ത്താനായില്ല. 34-ാം മിനിറ്റില്‍ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സാലിഹ് ലിവര്‍പൂളിന്റെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. പ്രീ സീസണില്‍ അഞ്ചു മത്സരങ്ങളില്‍ നിന്നും സാലിഹ് നേടുന്ന നാലാമത്തെ ഗോളായിരുന്നു ഇത്.
രണ്ടാം പകുതിയുടെ 84-ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ ഡാനിയല്‍ സ്റ്ററിഡ്ജ് ലിവര്‍പൂളിന്റെ പട്ടിക പൂര്‍ത്തിയാക്കി. ഗോള്‍ നേടിയതിന് പിന്നാലെ സ്റ്ററിഡ്ജ് പരിക്കേറ്റ് മടങ്ങുകയും ചെയ്തു. മറ്റൊരു മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് നാപോളിയെ 2-1ന് തോല്‍പിച്ച് ഫൈനലിലെത്തി.