kerala

കണ്ണൂര്‍ സ്ഫോടനം: ഒരു മരണം, പൊലീസ് കേസെടുത്തു

By webdesk17

August 30, 2025

കണ്ണപുരം കീഴറയില്‍ വാടകവീട്ടില്‍ സ്‌ഫോടനം നടന്ന സംഭവത്തില്‍ പൊലീസ് കേസെടുത്തു. സ്‌ഫോടനത്തില്‍ തകര്‍ന്ന വീടിനു സമീപം താമസിക്കുന്നയാള്‍ നല്‍കിയ പരാതിയില്‍ എക്സ്പ്ലോസിവ് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് പൊലീസ് എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തത്. വീട് വാടകക്കെടുത്ത അനൂപ് മാലിക് എന്നയാളെ കേസില്‍ പ്രതി ചേര്‍ത്തു. അതേസമയം ഇത് വ്യാജപേരാണെന്നും മുമ്പും സ്‌ഫോടന കേസുകളില്‍ പ്രതിയായ കണ്ണൂര്‍ അലവില്‍ സ്വദേശി അനൂപാണ് ഇവിടെ താമസിച്ചിരുന്നതെന്നും വിവരമുണ്ട്. ഉത്സവങ്ങള്‍ക്കുള്‍പ്പെടെ പടക്കമെത്തിക്കുന്നയാളാണ് അനൂപ്. സ്‌ഫോടനത്തില്‍ മരിച്ചത് ഇയാളുടെ തൊഴിലാളിയാണെന്നാണ് സൂചന.

ശനിയാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കീഴറയിലെ വീട്ടില്‍ സ്‌ഫോടനം നടന്നത്. സ്ഫോടനത്തില്‍ വീടിന്റെ ഒരു ഭാഗം തകര്‍ന്നു. ചിന്നിച്ചിതറിയ നിലയില്‍ മൃതദേഹ ഭാഗങ്ങളും കണ്ടെത്തി. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചന. എന്നാല്‍ പടക്ക നിര്‍മാണ വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാകാമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

സംഭവത്തില്‍ പരിക്കേറ്റ ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണപുരം പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്തു.