ഛത്തീസ്ഗഢ്: ഹോംവര്‍ക്ക് ചെയ്യാത്തതിന്റെ പേരില്‍ നാലു വയസ്സുകാരനായ എല്‍കെജി വിദ്യാര്‍ത്ഥിയെ കയറില്‍ കെട്ടി മരത്തില്‍ തൂക്കി ശിക്ഷിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം. സൂരജ്പുരിലെ ഹന്‍സ് വാഹിനി വിദ്യാ മന്ദിര്‍ സ്‌കൂളിലായിരുന്നു ഞെട്ടിക്കുന്ന സംഭവം. സ്വകാര്യ സ്‌കൂളിലെ രണ്ട് അധ്യാപികമാരായ കൈല്‍ സാഹു, അനുരാധ ദേവാംഗന്‍ എന്നിവരാണ് ക്രൂരതയ്ക്ക് പിന്നില്‍.
നാരായണ്‍പൂര്‍ ഗ്രാമത്തിലെ നഴ്സറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള സ്‌കൂളില്‍, കുട്ടി ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്ന് കണ്ട അധ്യാപിക കുട്ടിയെ ക്ലാസ് മുറിക്ക് പുറത്തേക്ക് വിളിച്ച് സ്‌കൂള്‍ വളപ്പിലെ മരത്തില്‍ കയറുപയോഗിച്ച് തൂക്കുകയായിരുന്നു. കുട്ടി കരഞ്ഞുകൊണ്ട് സഹായം തേടുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഭവം പ്രതിഷേധം വളര്‍ത്തി.
സ്‌കൂള്‍ മാനേജ്‌മെന്റ് ഗുരുതരമായ പിഴവ് സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ക്ലസ്റ്റര്‍ ഇന്‍-ചാര്‍ജിന്റെ വിശദമായ റിപ്പോര്‍ട്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെന്നും തുടര്‍ നടപടികള്‍ ഉടന്‍ കൈക്കൊള്ളുമെന്നുമാണ് ബ്ലോക്ക് എജ്യൂക്കേഷന്‍ ഓഫീസറുടെ പ്രതികരണം.