kerala

കെ.സ്മാര്‍ട്ടില്‍ കുരുങ്ങി തദ്ദേശ ഭരണം; ഇരുട്ടില്‍ തപ്പി ജീവനക്കാര്‍, പ്രതിഷേധവുമായി എല്‍.ജി.എം.എല്‍

By webdesk14

June 25, 2025

കൃത്യമായ മുന്നൊരുക്കവും ആവശ്യമായ പരിശീലനവും നൽകാതെ നടപ്പാക്കിയ ‘കെ. സ്മാർട്ട് ‘ സംവിധാനം തദ്ദേശസ്ഥാപനങ്ങളിലെ ഓഫീസ് പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കിയെന്ന് ലോക്കൽ ഗവ. മെമ്പേഴ്‌സ് ലീഗ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ജനങ്ങൾക്ക് കൃത്യമായി സേവനങ്ങൾ നൽകാൻ സാധിക്കാതെ ജീവനക്കാർ ഇരുട്ടിൽ തപ്പുന്ന സ്ഥിതിയാണുള്ളത്. ഇതിന് പരിഹാരം കാണാത്ത സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് ജൂലൈ 3 ന് തദ്ദേശസ്ഥാപന തലങ്ങളിൽ ജനപ്രതിനിധികളുടെ പ്രതിഷേധ സഭ സംഘടിപ്പിക്കുന്നതിനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

പി എം എ വൈ ഭവന പദ്ധതിയിൽ ഭവനരഹിതരായ മുഴുവൻ പേർക്കും അപേക്ഷ നൽകാനുള്ള അവസരം സംസ്ഥാന സർക്കാർ ബോധപൂർവ്വം അട്ടിമറിച്ചു.ലൈഫ് ലിസ്റ്റിൽ അവശേഷിക്കുന്നവരുടെ വിവരശേഖരണം മാത്രമാണ് സംസ്ഥാനത്ത് നടന്നത്. ഇതിലൂടെ അർഹരായ ലക്ഷക്കണക്കിന് പേർക്കാണ് ആനുകൂല്യം നഷ്ടപ്പെടുക. യോഗം വിലയിരുത്തി. തദ്ദേശസ്ഥാപന ഓഫീസുകളിൽ നിരവധി തസ്തികകൾ വർഷത്തിലേറെയായി ഒഴിഞ്ഞുകിടക്കുന്ന സ്ഥിതിയാണുള്ളത്. തസ്തികകൾ ഒഴിച്ചിട്ട് തെരഞ്ഞെടുപ്പ് ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെ ജീവനക്കാരെ വിന്യസിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സർക്കാർ നീക്കമെന്നും യോഗം ആരോപിച്ചു. ഈ വിഷയങ്ങൾ കൂടി ഉന്നയിച്ചാണ് പ്രതിഷേധ സഭ ഒരുക്കുന്നത്. യോഗത്തിൽ ജന. സെക്രട്ടറി പി കെ ഷറഫുദ്ദീൻ, അഡ്വ. എ കെ മുസ്തഫ, ഗഫൂർ മാട്ടൂൽ , ഡോ. കെ പി വഹീദ , റിയാസ് പ്ലാമൂട്ടിൽ, ആബിദ ശരിഫ്, സുഫൈജ അബൂബക്കർ,വി പി ഇബ്രാഹീം കുട്ടി, എ കെ റഫീഖ് വയനാട് , എ എം നൗഫൽ കൊല്ലം, എ ഉസ്മാൻ , ഇബ്രാഹിം കുട്ടി എറണാകുളം, എം എം ബഷീർ മദനി, മുജീബ് കാമ്പാർ പങ്കെടുത്തു.