kerala

തദ്ദേശസ്ഥാപന വാര്‍ഡ് സംവരണം: നറുക്കെടുപ്പ് തീയതികളായി

By webdesk18

October 07, 2025

തിരുവനന്തപുരം: പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ നിയോജക മണ്ഡലങ്ങളുടെയും വാര്‍ഡുകളുടെയും സംവരണക്രമം നറുക്കെടുപ്പിലൂടെ തീരുമാനിക്കുന്നതിന് ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തിയും തീയതിയും സമയവും സ്ഥലവും നിശ്ചയിച്ചും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നീ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുള്ളത്രയും എണ്ണം സ്ഥാനങ്ങള്‍ ആവര്‍ത്തനക്രമമനുസരിച്ച് ഏത് നിയോജകമണ്ഡലങ്ങള്‍, വാര്‍ഡുകള്‍ക്കാണ് നല്‍കേണ്ടതെന്ന് തീരുമാനിക്കുന്നതിനാണ് നറുക്കെടുപ്പ് നടത്തുന്നത്. ഗ്രാമ, ബ്‌ളോക്ക്, ജില്ലാപഞ്ചായത്തുകളുടെ സംവരണം നിശ്ചയിക്കുന്നതിന് അതാത് ജില്ലകളിലെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറെയും മുനിസിപ്പല്‍ കൗണ്‍സിലുകളിലേതിന് അതാത് തദ്ദേശസ്വയംഭരണവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍മാരെയും മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേതിന് തദ്ദേശസ്വയംഭരണവകുപ്പ് അര്‍ബന്‍ ഡയറക്ടറെയുമാണ് അധികാരപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചത്. വിജ്ഞാപനം തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ് സൈറ്റില്‍ (ംംം.ലെര.സലൃമഹമ.ഴീ്.ശി) ലഭിക്കും. 941 ഗ്രാമപഞ്ചായത്തുകളിലേയ്ക്ക് ഒക്ടോബര്‍ 13 മുതല്‍ 16 വരെയാണ് നറുക്കെടുപ്പ് തീയതി നിശ്ചയിച്ചിട്ടുള്ളത്. അതത് ജില്ലകളില്‍ ബ്‌ളോക്ക് പഞ്ചായത്ത് പരിധിക്കുള്ളിലുള്ള ഗ്രാമപഞ്ചായത്ത് നിയോജകമണ്ഡലങ്ങളുടെ സംവരണത്തിനുള്ള നറുക്കെടുപ്പിനാണ് തീയതിയും സമയവും നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്. വിജ്ഞാപനം ചെയ്തിട്ടുള്ള തീയിതികളില്‍ രാവിലെ 10 ന് കണ്ണൂര്‍ ജില്ലയിലേത് കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളിലേത് അതാത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും നറുക്കെടുപ്പ് നടക്കും. 152 ബ്‌ളോക്ക് പഞ്ചായത്തുകളിലെ നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചിയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 18 ന് രാവിലെ 10നാണ്. കണ്ണൂര്‍ കളക്ടറേറ്റ് ഓഡിറ്റോറിയത്തിലും, മറ്റ് ജില്ലകളില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ആണ് നറുക്കെടുപ്പ് നടത്തുക. 14 ജില്ലാപഞ്ചായത്തുകളിലേയ്ക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 21 ന് രാവിലെ 10 ന് അതാത് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഒക്ടോബര്‍ 17ന് തിരുവനന്തപുരം സ്വരാജ് ഭവന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10ന് തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും ഉച്ചയ്ക്ക് രണ്ട്് കൊല്ലം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് നടത്തും. ഒക്ടോബര്‍ 18ന് കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ ഹാളില്‍ രാവിലെ 10 ന് കൊച്ചി മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും 11.30 ന് തൃശൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. ഒക്ടോബര്‍ 21 ന് കോഴിക്കോട് മാനാഞ്ചിറ ടൗണ്‍ഹാളില്‍ രാവിലെ 10 ന് കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും 11.30ന് കണ്ണൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെയും നറുക്കെടുപ്പ് നടത്തും. മട്ടന്നൂര്‍ ഒഴികെയുള്ള 86 മുനിസിപ്പല്‍ കൗണ്‍സിലുകളിലേയ്ക്കുള്ള വാര്‍ഡ് സംവരണത്തിനുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 16 ന് അതാത് ജില്ലകളിലെ വിജ്ഞാപനം ചെയ്തിട്ടുള്ള സ്ഥലങ്ങളില്‍ രാവിലെ 10ന് നടക്കും.