kerala

തദ്ദേശ തെരഞ്ഞെടുപ്പ്; ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാമെന്ന ഉത്തരവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

By webdesk17

November 10, 2025

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്താന്‍ ഒരു സ്ഥാനാര്‍ഥിക്ക് എത്ര തുക ചെലവഴിക്കാം എന്ന് സംസ്ഥാന തെരഞ്ഞെുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ വ്യക്തമാക്കി. ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്നവര്‍ക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും സ്ഥാനാര്‍ത്ഥികള്‍ക്ക് 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പറേഷനിലും 1,50,000 രൂപയുമാണ് പരിധി.

പരിധിയില്‍ കൂടുതല്‍ ചെലവഴിച്ചാല്‍ അഞ്ച് വര്‍ഷം അയോഗ്യത

വോട്ടെണ്ണി ഫലം പ്രഖ്യാപിച്ചാല്‍ 30 ദിവസത്തിനകം സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കിയിരിക്കണം. ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേക്ക് കമ്മീഷന്‍ അയോഗ്യരാക്കും.

എത്ര തുക കെട്ടിവെക്കണം?

സ്ഥാനാര്‍ത്ഥി നിക്ഷേപമായി ഗ്രാമപഞ്ചായത്തില്‍ 2,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും, മുനിസിപ്പാലിറ്റിയിലും 4,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 5,000 രൂപയും കെട്ടിവയ്ക്കണം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

പ്രചാരണത്തില്‍ ഇക്കാര്യങ്ങള്‍ പാലിക്കണം:

സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് വിധേയവുമായിരിക്കണം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാതൃകാ പെരുമാറ്റചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, എന്നിവയ്ക്കും പൊലീസ് അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവര്‍ത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമെ പാടുള്ളൂ.

സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകര്‍പ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയിരിക്കണം.

മദ്യം നിരോധിക്കും

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്‍ വേളയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനം ഉണ്ടാകും.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ഓരോ ജില്ലയിലും ഒരു ജനറല്‍ ഒബ്‌സര്‍വര്‍ ഉണ്ടാകും. ഐഎഎസ്/ഐഎഫ്എസ് തലത്തിലുളള ഒരു ഓഫീസറെ ഇതിനായി കമ്മീഷന്‍ നിയമിക്കും. സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിനായി ചെലവ് നിരീക്ഷകരെയും കമ്മീഷന്‍ നിയോഗിക്കും.

പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങള്‍ മോണിറ്റര്‍ ചെയ്ത് നടപടി എടുക്കുന്നതിന് താലൂക്ക്തലത്തിലും ജില്ലാതലത്തിലും ആന്റിഡീഫേയ്‌സ്‌മെന്റ് സ്‌ക്വാഡ് ഉണ്ടാകും.

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് കൊണ്ടായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഇതു സംബന്ധിച്ച വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കമ്മീഷന്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രകൃതി സൗഹൃദപരവും നിയമാനുസൃതവുമായ മാര്‍ഗ്ഗങ്ങള്‍ മാത്രം സ്വീകരിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടത്താന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്നും കമീഷന്‍ അറിയിച്ചു.