india

കോവിഡ് വ്യാപനം; മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍

By Test User

March 20, 2021

ഭോപ്പാല്‍: കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്ത് മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഭോപ്പാല്‍ കൂടാതെ ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച രാത്രി പത്ത് മണി മുതല്‍ തിങ്കളാഴ്ച രാവിലെ ആറ് മണി വരെ മൂന്ന് നഗരങ്ങളും പൂര്‍ണമായും അടച്ചിടും.

സ്‌കൂളുകളും കോളേജുകളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് 31 വരെ അവധി നല്‍കിയതായി സംസ്ഥാനസര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു. വെള്ളിയാഴ്ച 1,140 പേര്‍ക്കാണ് മധ്യപ്രദേശില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 2,73,097 ആയി. നിലവില്‍ സജീവ രോഗികളുടെ എണ്ണം 6,600 ആണ്. ഏഴ് പേര്‍ കൂടി മരിച്ചതോടെ കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 3,901 ആയി.

മഹാരാഷ്ട്രയില്‍ നിന്ന് മധ്യപ്രദേശിലേക്കും തിരിച്ചുമുള്ള എല്ലാ ബസ് സര്‍വീസുകളും മാര്‍ച്ച് 20 മുതല്‍ നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ടിരുന്നു. പുതിയ നിയന്ത്രണങ്ങളനുസരിച്ച് വ്യാപാരസ്ഥലങ്ങള്‍ രാത്രി പത്ത് മുതല്‍ രാവിലെ ആറ് വരെ അടച്ചിടും.