1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തില്‍ പടിഞ്ഞാറന്‍ മേഖലയില്‍ നടന്ന ഏറ്റവും നിര്‍ണായകവും പ്രചോദനപ്രദവുമായ യുദ്ധങ്ങളിലൊന്നാണ് ലോംഗേവാല യുദ്ധം. രാജസ്ഥാനിലെ മരുഭൂമിയില്‍, ഇന്ത്യയുടെ അതിര്‍ത്തി കാവലാളുകളായ കുറച്ച് സൈനികര്‍ അസാധാരണ ധൈര്യത്തോടെ ചരിത്രം കുറിച്ച യുദ്ധഭൂമിയാണത്.
1971 ഡിസംബര്‍ 4-5 രാത്രിയില്‍, ഏകദേശം 4000 സൈനികരും ടി-59, ഷെര്‍മാന്‍ ടാങ്കുകളും മീഡിയം ആര്‍ട്ടിലറി ബാറ്ററിയും ഉള്‍പ്പെടുന്ന പാകിസ്ഥാന്‍ സൈന്യം, 23 പഞ്ചാബ് റെജിമെന്റിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ലോംഗേവാല അതിര്‍ത്തി പോസ്റ്റിനെ ആക്രമിച്ചു. വെറും 120 ഇന്ത്യന്‍ സൈനികര്‍ മാത്രമുണ്ടായിരുന്ന ഈ ഔട്ട്‌പോസ്റ്റില്‍, മേജര്‍ കുല്‍ദീപ് സിംഗ് ചാന്ദ്പുരിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സൈന്യം പിന്മാറാതെ നിലകൊണ്ടത് ലോക സൈനികചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
പരിമിതമായ ആയുധങ്ങളുമായി, രാത്രി മുഴുവന്‍ പാകിസ്ഥാന്‍ ടാങ്കുകള്‍ക്ക് മുന്നില്‍ പിടിച്ചുനിന്ന ഇന്ത്യന്‍ സൈനികര്‍, പുലര്‍ച്ചെയോടെ വ്യോമസേനയുടെ സഹായം തേടി. ഡിസംബര്‍ 5-ന് രാവിലെ, ജയ്സാല്‍മീറില്‍ നിന്നുയര്‍ന്ന ഇന്ത്യന്‍ വ്യോമസേനയുടെ ഹോക്കര്‍ ഹണ്ടര്‍ വിമാനങ്ങള്‍ യുദ്ധഭൂമിയില്‍ ആധിപത്യം സ്ഥാപിച്ചു. 122 സ്‌ക്വാഡ്രണിലെ വിമാനങ്ങള്‍ 18 സോര്‍ട്ടികള്‍ പറത്തി 36 ശത്രു ടാങ്കുകളും 100-ലധികം വാഹനങ്ങളും നശിപ്പിച്ചു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ പാകിസ്ഥാന്‍ സൈന്യത്തിന്റെ മുന്നേറ്റം പൂര്‍ണമായും തകര്‍ത്തു.
ഇന്ന് ലോംഗേവാലയിലെത്തുന്നവര്‍ക്ക് ആദ്യം കാണപ്പെടുന്നത് ‘Brave Sons of India, We Salute You’ എന്നെഴുതിയ ചുവന്ന ബോര്‍ഡാണ്. അതിന് പിന്നില്‍, ഇന്ത്യ-പാക് അതിര്‍ത്തിയോട് ചേര്‍ന്ന് നിലകൊള്ളുന്ന ലോംഗേവാല ബോര്‍ഡര്‍ ആന്‍ഡ് മ്യൂസിയം-1971-ലെ ധീരതയുടെ ജീവിക്കുന്ന സാക്ഷ്യം. പാകിസ്ഥാന്‍ സൈന്യം ഉപേക്ഷിച്ച ടാങ്കുകള്‍, ഇന്ത്യന്‍ സേന ഉപയോഗിച്ച വാഹനങ്ങള്‍, ആയുധങ്ങള്‍, ഹെല്‍മറ്റുകള്‍, ബൈനോകുലറുകള്‍, പഴയ ചിത്രങ്ങള്‍, പത്രവാര്‍ത്തകള്‍ എല്ലാം അവിടെ ചരിത്രമായി നിലകൊള്ളുന്നു.
അവിടത്തെ മ്യൂസിയത്തിനകത്ത് ഇരുണ്ട വഴികളിലൂടെ കടന്നുപോകുമ്പോള്‍, യുദ്ധത്തിന്റെ ദൃശ്യാവിഷ്‌കാരങ്ങള്‍ മനസ്സില്‍ തീപടരുന്ന അനുഭവമാകുന്നു. ”ശത്രുവിനോട് പിന്മാറേണ്ടിവന്നേക്കാം; പക്ഷേ എന്റെ ബറ്റാലിയനെ സംബന്ധിച്ച് അത് നാണക്കേടാണ്. ഞാന്‍ ഇവിടെ, അന്ത്യശ്വാസംവരെ പോരാടും” – മേജര്‍ ചാന്ദ്പുരി അന്ന് തന്റെ സൈനികരോട് പറഞ്ഞ വാക്കുകള്‍ ഇന്നും ലോംഗേവാലയുടെ ആത്മാവായി നിലകൊള്ളുന്നു.
ഈ ധീരനേതൃത്വത്തിനാണ് മേജര്‍ കുല്‍ദീപ് സിംഗ് ചാന്ദ്പുരിക്ക് മഹാവീര്‍ ചക്ര ലഭിച്ചത്. അദ്ദേഹത്തോടൊപ്പം പോരാടിയ സൈനികര്‍ക്കും രാജ്യം ആദരം അര്‍പ്പിച്ചു.
മ്യൂസിയത്തിന്റെ ഗേറ്റില്‍ പാറിപ്പറക്കുന്ന ദേശീയപതാകയ്ക്കു താഴെ എഴുതിയിരിക്കുന്ന വാചകം ഓരോ ഇന്ത്യക്കാരുടെയും ഹൃദയത്തില്‍ പതിയും:
”When you go home, Tell them of us and say, That for your tomorrow, We gave our today.’
ലോംഗേവാല യുദ്ധത്തെ ആസ്പദമാക്കി1997-ല്‍ J.P. Dutta സംവിധാനം ചെയ്ത് സണ്ണി ഡിയോള്‍ നായകനായ ‘Border’ എന്ന ഹിന്ദി സിനിമ ഈ യുദ്ധത്തിന്റെ പ്രധാന സംഭവങ്ങള്‍ ആസ്പദമാക്കിയുള്ളതാണ്,ഈ സിനിമ ലോംഗേവാല യുദ്ധം, ഇന്ത്യന്‍ സൈനികരുടെ വീര്യം, അതിര്‍ത്തി പോസ്റ്റിലെ പോരാട്ടം എന്നിവ ചിത്രീകരിക്കുന്നു. ബോര്‍ഡറിന്റെ തുടര്‍ ചിത്രമായി
അനുരാഗ് സിന്‍ഹ സംവിധാനം ചെയ്ത് ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ജെ പി ദത്ത, നിധി ദത്ത എന്നിവര്‍ നിര്‍മ്മിക്കുന്ന ഒരു ബോളിവുഡ് യുദ്ധ ചിത്രമായിരിക്കും ബോര്‍ഡര്‍ 2. സണ്ണി ഡിയോള്‍, വരുണ്‍ ധവാന്‍, ദില്‍ജിത് ദോസഞ്ജ്, അഹാന്‍ ഷെട്ടി എന്നിവരും ഈ ഏറ്റവും വലിയ യുദ്ധ സിനിമയുടെ ഭാഗമാണ്. റിലീസ് തീയതി: ബോര്‍ഡര്‍ 2 അതിന്റെ മുന്‍ഗാമിയുടെ അതേ തീയതിയില്‍ തന്നെ റിലീസ് ചെയ്യും, അതായത് 2026 ജനുവരി 23 ന്.
ലോംഗേവാല ഒരു യാത്രാമേഖല മാത്രമല്ല. അത് ഇന്ത്യന്‍ സൈന്യത്തിന്റെ ധൈര്യത്തിന്റെയും ത്യാഗത്തിന്റെയും അമരകഥയാണ്.