Film

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയില്‍ സിനിമാവേഷം നഷ്ടമായി; ഹരീഷ് കണാരന്‍

By webdesk17

November 11, 2025

കോഴിക്കോട്: ടെലിവിഷനിലും സിനിമയിലും ഹാസ്യവേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച നടന്‍ ഹരീഷ് കണാരന്‍ അഭിനയത്തില്‍ നിന്ന് അപ്രത്യക്ഷനായതിന്റെ കാരണം വെളിപ്പെടുത്തി. മലയാളത്തിലെ ഒരു പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ ചതിയാണ് തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെടുത്തിയത് എന്നാണ് ഹരീഷിന്റെ ആരോപണം.

കോവിഡ് സമയത്ത് കുറച്ച് സിനിമകള്‍ നഷ്ടമായി, പിന്നീട് സിനിമകളുടെ സ്വഭാവം തന്നെ മാറി. അതിനിടയില്‍ എന്റെ ഡേറ്റുകള്‍ നോക്കിയിരുന്ന ഒരു വലിയ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഞാന്‍ ഏകദേശം 20 ലക്ഷം രൂപ കടമായി നല്‍കിയിരുന്നു. അതില്‍ ആറ് ലക്ഷം മാത്രമാണ് തിരികെ കിട്ടിയത്. വീടുപണി നടക്കുമ്പോള്‍ ബാക്കി പണം ചോദിച്ചപ്പോള്‍ അയാളുമായി പ്രശ്നം തുടങ്ങി എന്ന് ഹരീഷ് പറഞ്ഞു. ‘ പൈസ കിട്ടാത്തതിനെ തുടര്‍ന്ന് ഞാന്‍ ‘അമ്മ’ സംഘടനയില്‍ പരാതി നല്‍കി.

അതിന്റെ വൈരാഗ്യത്തിലാവണം അദ്ദേഹം ഇടപെട്ട് എനിക്ക് ഉണ്ടായിരുന്ന പല സിനിമകളില്‍ നിന്ന് എന്നെ കട്ട് ചെയ്തത്’. അജയന്റെ രണ്ടാം മോഷണം എന്ന ചിത്രത്തിലെ വേഷവും അതില്‍ ഉള്‍പ്പെടുന്നു എന്ന് താരം കൂട്ടിച്ചേര്‍ത്തു. ‘സിനിമയില്‍ തിരക്കുള്ള കാലത്ത് ഞാന്‍ നല്ല പ്രതിഫലം വാങ്ങിയിരുന്നു. പണം ദുരുപയോഗം ചെയ്തിട്ടില്ല. സ്റ്റേജ് ഷോകളും തുടര്‍ന്ന് ചെയ്തതിനാല്‍ സിനിമ ഇല്ലാതിരുന്ന കാലത്തും സാമ്പത്തികമായി ബുദ്ധിമുട്ടേണ്ടി വന്നില്ല’. നിലവില്‍ ഹരീഷ് കണാരന്‍ വീണ്ടും അഭിനയത്തില്‍ സജീവമാകുകയാണെന്നും കഴിഞ്ഞയാഴ്ച ഓസ്ട്രേലിയയില്‍ സ്റ്റേജ് ഷോയില്‍ പങ്കെടുത്തതായും താരം പറഞ്ഞു.