india

പ്രേമാഭ്യാര്‍ഥന നിരസിച്ചു; കര്‍ണാടകയില്‍ 17കാരിക്ക് നേരെ ആസിഡ് ആക്രമണം

By webdesk13

February 18, 2023

ബംഗളൂരു: കര്‍ണാടകയില്‍ പ്രേമാഭ്യര്‍ഥന നിരസിച്ചതിന് 17കാരിക്ക് നേരെ ആസിഡ് ആക്രമണം. രാമനഗര്‍ ജില്ലയില്‍ കനകപുര നഗരത്തില്‍ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ കാര്‍ ഗ്യാരേജിലെ ജീവനക്കാരനായ സുമന്തിനെ(22) പൊലീസ് അറസ്റ്റ് ചെയ്തു.

ആസിഡ് വീണതിനെ തുടര്‍ന്ന് മുഖത്തും കണ്ണിലും ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേമാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണം. ഇരുചക്രവാഹനത്തില്‍ എത്തിയ യുവാവ് പെണ്‍കുട്ടിക്ക് നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവ സ്ഥലത്ത് നിന്ന് സുമന്ത് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

കനകപുരയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് പ്രതിയെ ഉടന്‍ തന്നെ പിടികൂടി. ഒളിവില്‍ കഴിഞ്ഞിരുന്ന സുമന്തിനെ ശനിയാഴ്ച രാവിലെയാണ് പിടികൂടിയത്.