ദില്ലി: പുതുവര്‍ഷത്തില്‍ രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. എന്നാല്‍ 14 കിലോ ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല.
ദില്ലി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഉള്‍പ്പെടെ വില വര്‍ധന ഇന്ന് പ്രാബല്യത്തില്‍ വന്നു. ഏറ്റവും ഉയര്‍ന്ന നിരക്ക് ചെന്നൈയിലാണ്. സിലിണ്ടറിന്റെ വില 1739.5 രൂപയില്‍ നിന്ന് 1849.50 രൂപയായിയിട്ടാണ് ഉയര്‍ന്നത്. ദില്ലിയില്‍ 1580.50 രൂപയ്ക്ക് ലഭ്യമായിരുന്ന 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് ഇനി മുതല്‍ 1691.50 രൂപ നല്‍കണം.
തിരുവനന്തപുരത്ത് 1719 രൂപയാണ് ഇന്നത്തെ വില. അതേസമയം കൊല്‍ക്കത്തയില്‍ വില 1684 രൂപയില്‍ നിന്ന് 1795 രൂപയായി ഉയര്‍ന്നു. മുംബൈയില്‍ 1531.50 രൂപയ്ക്ക് ലഭ്യമായിരുന്ന വാണിജ്യ എല്‍പിജി സിലിണ്ടറിന് 1642.50 രൂപയായി.
ഡിസംബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില നേരിയ തോതില്‍ കുറച്ചിരുന്നു. ദില്ലിയിലും കൊല്‍ക്കത്തയിലും 10 രൂപ കുറച്ചപ്പോള്‍, മുംബൈയിലും ചെന്നൈയിലും 11 രൂപ കുറച്ചു. ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വില വര്‍ധന വിലക്കയറ്റത്തിന് കാരണമാകുമോയെന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുറച്ചുകാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രില്‍ മുതല്‍ മാറ്റമില്ലാതെ തുടരുകയാണ്.