ലണ്ടന്‍: ഫിഫയുടെ ഈ വര്‍ഷത്തെ മികച്ച താരങ്ങള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റയല്‍ മാഡ്രിഡ് താരവും ക്രൊയേഷ്യന്‍ ടീം നായകനുമായ ലൂക്ക മോഡ്രിച്ചാണ് മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടത്.  റഷ്യ ലോകകപ്പിൽ ക്രൊയേഷ്യയ്ക്കു വേണ്ടിയും കഴിഞ്ഞ സീസണിൽ റയൽ മഡ്രിഡിനായും പുറത്തെടുത്ത മികച്ച മൂപ്പത്തിമൂന്നുകാരനായ മോഡ്രിച്ചിനു തുണയായത്.

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയയും ഈജിപ്തിന്റെ മുഹമ്മദ് സലായെയും പിന്തള്ളിയാണു മോഡ്രിച്ചിന്റെ പുരസ്‌കാര നേട്ടം. മികച്ച വനിതാ താരമായി ബ്രസീലിന്റെ മാര്‍ത്ത തെരഞ്ഞെടുക്കപ്പെട്ടു. ബ്രസീലിനായും ഓര്‍ലാന്‍ഡോ പ്രൈഡിനായും പുറത്തെടുത്ത പ്രകടനമാണ് മാര്‍ത്തയുടെ മികവ്. ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലായ്ക്കാണ് മികച്ച ഗോള്‍ നേടിയതിനുള്ള പുരസ്‌കാരം. മികച്ച ഗോള്‍ കീപ്പറായി ബെല്‍ജിയത്തിന്റെ തിബോ കാര്‍ട്ടോ തെരഞ്ഞെടുക്കപ്പെട്ടു.

ഫ്രാന്‍സിന് 2018 ലോകകപ്പ് നേടിക്കൊടുത്ത ദിദിയെ ദഷാം മികച്ച പരിശീലകനുള്ള പുരസ്‌കാരം കരസ്ഥമാക്കി. ഫ്രാന്‍സിന്റെ തന്നെ റെയ്‌നോള്‍ഡ് പെഡ്രോസ് ആണ് മികച്ച വനിതാ ടീം പരിശീലകനുള്ള പുരസ്‌കാരം നേടിയത്. പെറു ആരാധകര്‍ക്കാണ് ഏറ്റവും മികച്ച ഫാന്‍സിനുള്ള പുരസ്‌കാരം. ജര്‍മന്‍ താരം ലെനാര്‍ട്ട് തൈയ്ക്ക് ഫെയര്‍പ്ലെ പുരസ്‌കാരം ലഭിച്ചു.