More

ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍

By chandrika

August 20, 2019

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചു. വിക്ഷേപണത്തിന് 29 ദിവസങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തുന്നത്. നിര്‍ണായക ഘട്ടം വിജയകരമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

ഇന്ന് രാവിലെ 9:02 യോടെയാണ് ചന്ദ്രയാന്‍ രണ്ട് ചന്ദ്രന്റെ ഭ്രമണപഥത്തില്‍ എത്തിയത്. ചന്ദ്രനിൽ നിന്ന് 118 കിലോമീറ്റർ അടുത്ത ദൂരവും 18078 കിലോമീറ്റർ എറ്റവും കൂടിയ ദൂരവുമായ ഭ്രമണപഥത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് ഇന്ന് പ്രവേശിക്കുക. ഇതിന് ശേഷം 5 ഘട്ടങ്ങളിലായി ഭ്രമണപഥത്തിൽ മാറ്റം വരുത്തി ചന്ദ്രനുമായുള്ള അകലം കുറയ്ക്കും. ചന്ദ്രനില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലേക്കെത്തിക്കും. സെപ്റ്റംബര്‍ ഒന്നാം തീയതിയോടെയായിരിക്കും ഈ പ്രക്രിയ പൂര്‍ത്തിയാകുക.

സെപ്റ്റംബര്‍ രണ്ടിന് ചന്ദ്രയാനിലെ വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടും. ഓര്‍ബിറ്റര്‍ ഈ ഭ്രമണപഥത്തില്‍ ഒരു വര്‍ഷം തുടര്‍ന്ന് ചന്ദ്രനെ നിരീക്ഷിക്കും. സെപ്റ്റംബർ ഏഴിന് പുലർച്ചെ 1:30നും 2.30നും ഇടയിലായിരിക്കും ചന്ദ്രയാൻ രണ്ട് ചരിത്രപരമായ സോഫ്റ്റ് ലാൻഡിംഗ്. ജൂലൈ 22നാണ് ചന്ദ്രയാന്‍ രണ്ട് വിക്ഷേപിക്കപ്പെട്ടത്.