തൃശൂര്‍: തൊഴില്ബാധ്യതകളുടെ തിരക്കുകള്‍ക്കിടയിലും ജനാധിപത്യ അവകാശം വളരെയധികം മാനിച്ചുകൊണ്ടാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി തദ്ദേശതിരഞ്ഞെടുപ്പില്‍ തന്റെ വോട്ട് രേഖപ്പെടുത്തിയത്. ബാങ്കോക്കില്‍ നടന്ന ലുലുവിന്റെ പുതുതായി ആരംഭിച്ച ഭക്ഷ്യ സംസ്‌കരണലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടന്‍ തന്നെ യൂസഫലി സ്വകാര്യ ജെറ്റില്‍ കൊച്ചിയിലേക്ക് പറന്നുയര്‍ന്നു.
ഉച്ചയോടെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ യൂസഫലി, അവിടെ നിന്ന് ഹെലികോപ്റ്ററില്‍ ജന്മനാടായ നാട്ടികയിലെത്തി. നാട്ടിക ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ ആദ്യ ബൂത്തായ എംഎല്‍പി സ്‌കൂളില്‍ വൈകീട്ടോടെ അദ്ദേഹം വോട്ട് രേഖപ്പെടുത്തി.
ബൂത്തിനുവേണ്ടി എത്തിയപ്പോഴേക്കും യുഡിഎഫ് സ്ഥാനാര്‍ഥി കെ. എ. ഷൗക്കതലി, ബിജെപി സ്ഥാനാര്‍ഥി പി. വി. സെന്തില്‍ കുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഐ. പി. മുരളി എന്നിവര്‍ അദ്ദേഹത്തെ വരവേറ്റു. സ്ഥാനാര്‍ഥികളോട് കുശലാന്വേഷണം നടത്തിയ ശേഷം വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
”ഒരു പൗരനെന്ന നിലയില്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്റെ കടമയും ഉത്തരവാദിത്തവുമാണ്. ലോകത്തിലെ ഏറ്റവും സമ്പന്നവും ശക്തിയേറിയതുമായ ഭരണഘടനയാണ് ഇന്ത്യയുടേത്,” വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം അഭിപ്രായപ്പെട്ടു. ”തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് എപ്പോഴും മുന്‍ഗണന നല്‍കണം. ഒരു വ്യാപാരിയും വാര്‍ഡ് മെംബറും ഒരുമിച്ച് നിന്നാല്‍, മുന്‍ഗണന വാര്‍ഡ് മെംബര്‍ക്കാണ്,” എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
താന്‍ പഠിച്ച സ്‌കൂളില്‍ വോട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത് അഭിമാനകരമാണെന്ന് യൂസഫലി പറഞ്ഞു. ബാല്യകാല സുഹൃത്തിനെ കണ്ടും കുശലപ്രശ്‌നങ്ങള്‍ ചോദിച്ചും ശേഷം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പ്രക്രിയയ്ക്ക് ആശംസ നേര്‍ന്നു കൊണ്ട് അദ്ദേഹം ബൂത്തില്‍ നിന്ന് മടങ്ങി.