kerala

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌; യുഎഇയില്‍ നിന്ന് വന്ന യുവാവിന് രോഗം സ്ഥിരീകരിച്ചു

By webdesk17

September 27, 2024

എറണാകുളം ജില്ലയില്‍ എം പോക്‌സ്‌ രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. എയര്‍പോര്‍ട്ടില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സാമ്പിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ യുവാവ് നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

എം പോക്‌സ്‌ പകരുന്ന രീതി

രോഗം ബാധിച്ച വ്യക്തിയുമായി മുഖാമുഖം വരിക, തൊലിയില്‍ സ്പര്‍ശിക്കുക, ലൈംഗിക ബന്ധം, കിടക്ക, വസ്ത്രം എന്നിവ സ്പര്‍ശിക്കുക, സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരിക്കുക, തുടങ്ങിയവയിലൂടെ രോഗം ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്.

എം പോക്‌സ്‌ ലക്ഷണങ്ങള്‍

പനി, തീവ്രമായ തലവേദന, കഴലവീക്കം, നടുവേദന, പേശി വേദന, ഊര്‍ജക്കുറവ് എന്നിവയാണ് രോഗത്തിന്റെ തുടക്കത്തിലുള്ള ലക്ഷണങ്ങള്‍. പനി തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ ദേഹത്ത് കുമിളകളും ചുവന്ന പാടുകളും വരും. മുഖത്തും കൈകാലുകളിലുമാണ് കൂടുതല്‍ കുമിളകള്‍ കാണപ്പെടുന്നത്. ഇതിനുപുറമെ കൈപ്പത്തി, ജനനേന്ദ്രിയം, കണ്ണുകള്‍ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടാം.