ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാര്‍ഥിയെ ആക്രമിച്ച സംഭവത്തില്‍ 9 വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്. ആക്രമണത്തിനിരയായ സൂരജിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.
അതേസമയം, ആക്രമണത്തിനെതിരെ ഐഐടി കാമ്പസില്‍ പ്രതിഷേധ റാലി നടത്താനാണ് വിദ്യാര്‍ഥികളുടെ തീരുമാനം. കോളജ് ഡീനിന്റെ കാര്യാലയത്തിലേക്കാണ് പ്രതിഷേധ മാര്‍ച്ചിന് ഒരുങ്ങുന്നത്. വിദ്യാര്‍ഥികള്‍ സംഘടിച്ചുവെന്നും ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതിഷേധ റാലി ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അക്രമം അഴിച്ചുവിട്ട വിദ്യാര്‍ഥികള്‍ക്കെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ടു കൊണ്ടാണ് റാലി നടത്തുന്നത്.
ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്തതിനാണ് സൂരജ് എന്ന മലയാളി വിദ്യാര്‍ഥിയെ ഏതാനും വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആക്രമിച്ചത്. മനേഷ് കുമാര്‍ എന്ന വിദ്യാര്‍ഥിയുടെ നേതൃത്വത്തിലാണ് മര്‍ദ്ദനം നടത്തിയതെന്നും മനേഷ് കുമാറിനെയും അക്രമി സംഘത്തെയും അറസ്റ്റ് ചെയ്യണമെന്ന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. മര്‍ദ്ദന വാര്‍ത്ത വിവാദമായതോടെ പൊലീസ് നടപടി കൈക്കൊള്ളാന്‍ നിര്‍ബന്ധിതരാവുകയായിരുന്നു. മനേഷ് കുമാറടക്കം 9 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
എന്നാല്‍ മര്‍ദ്ദിതനായ സൂരജിനെതിരെയും കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. അക്രമി സംഘത്തിന്റെ പരാതിയിന്മേലാണ് നടപടി. സൂരജ് തങ്ങളെ അക്രമിക്കുകയായിരുന്നുവെന്ന അക്രമിസംഘത്തിന്റെ പരാതി പ്രകാരമാണ് പൊലിസ് സൂരജിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
നേരത്തെ, മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി അക്രമിക്കപ്പെട്ട സംഭവത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചിരുന്നു.
Be the first to write a comment.