india

മധ്യപ്രദേശ് സര്‍ക്കാര്‍ സ്‌കൂളില്‍ പത്രക്കടലാസില്‍ ഭക്ഷണം; വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

By webdesk18

November 09, 2025

മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് സൗജന്യ ഉച്ചഭക്ഷണം പത്രക്കടലാസില്‍ വച്ച് നല്‍കുന്ന ദൃശ്യങ്ങള്‍ വലിയ ചര്‍ച്ചയായതിനെ തുടര്‍ന്ന് വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തി.

വിജയ്പൂരിലെ ഹുള്‍പുര്‍ ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ നിന്നാണ് ഈ വിഡിയോ പുറത്തുവന്നത്. വെറും നിലത്ത് വിരിച്ച പത്രക്കടലാസുകളില്‍ ഭക്ഷണം വെച്ച് കുട്ടികള്‍ കഴിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്.

‘ഇത്തരം ദൃശ്യങ്ങള്‍ കണ്ട് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ലജ്ജിക്കേണ്ടതാണ്,”എന്ന് അദ്ദേഹം എക്സിലൂടെയായുള്ള പോസ്റ്റില്‍ പറഞ്ഞു.

ജില്ലാ കളക്ടറുടെയും സബ് ഡിവിഷനല്‍ മജിസ്ട്രേറ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ സംഭവം സത്യമാണ് എന്ന് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് സ്‌കൂള്‍ പ്രിന്‍സിപ്പലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

രാജ്യമെമ്പാടുമുള്ള ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ ഈ സംഭവത്തെ ശക്തമായി വിമര്‍ശിക്കുന്നു. ”കുറഞ്ഞത് പേപ്പര്‍ പ്ലേറ്റെങ്കിലും നല്‍കാമായിരുന്നു” എന്ന അഭിപ്രായത്തിലാണ് പലരുടെയും പ്രതികരണം. ചിലര്‍ ഇതിനെ പിഎം ശ്രീ പദ്ധതിയുടെ പരാജയത്തിന്റെ ഉദാഹരണമായി വിശേഷിപ്പിക്കുകയും ചെയ്തു.

പിഎം ശ്രീ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് പോഷകസമൃദ്ധവും ശുചിത്വവുമുള്ള ഉച്ചഭക്ഷണം ലഭ്യമാക്കണമെന്നതാണ് ലക്ഷ്യം. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ പദ്ധതിയുടെ പ്രായോഗികതയും ഉത്തരവാദിത്തവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം സൃഷ്ടിച്ചു.