ന്യൂയോര്‍ക്ക്: ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു രാഷ്ട്രത്തലവനെ അന്താരാഷ്ട്ര നിയമങ്ങളെല്ലാം കാറ്റില്‍ പറത്തി റാഞ്ചിക്കൊണ്ടുപോയ അമേരിക്കയുടെ നടപടിക്കെതിരെ ലോകമെമ്പാടും പ്രതിഷേധം അലയടിക്കുമ്പോള്‍ വെനസ്വലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കി. കയ്യാമം വെച്ച് നുറുകണക്കിന് സായുധ പൊലിസുദ്യോഗസ്ഥരുടെ അകമ്പടിയോടെയാണ് അദ്ദേഹത്തെയും ഭാര്യ സില ഫ്‌ലോറസിനെയും കോടതിയില്‍ കൊണ്ടുവന്നത്.
ബ്രൂക്ലിനിലെ തടങ്കല്‍ കേന്ദ്രത്തില്‍നിന്ന് മാന്‍ഹട്ടനിലെ കോടതിയിലേക്ക് വരുമ്പോള്‍ ഇരുവരുടെയും മുഖത്ത് സാമ്രാജ്യത്വത്തിന് മുന്നില്‍ തല കുനിക്കില്ലെന്ന ഉറച്ച ഭാവം. ന്യൂയോര്‍ക്ക് സതേണ്‍ ഡിസ്ട്രിക്റ്റ് കോടതിയിലെ 92 വയസ്സുകാരനായ ജഡ്ജി ആല്‍വിന്‍ ഹെല്ലര്‍സ്റ്റിന്റെ മുന്നിലാണ് ഇരുവരെയും ഹാജരാക്കിയത്.
തിങ്കളാഴ്ച രാവിലെ 7.15ഓടെയാണ് ബ്രൂക്ലിനിലെ ജയിലില്‍ നിന്ന് മഡുറോയെ മാറ്റിയത്. അവിടെനിന്ന് ഒരു കായിക മൈതാനത്തെത്തിച്ച ശേഷം ഹെലികോപ്റ്ററില്‍ ന്യൂയോര്‍ക്ക് ഹാര്‍ബറിന് മുകളിലൂടെ മന്‍ഹട്ടന്‍ ഹെലിപോര്‍ട്ടില്‍ ഇറക്കി. ഇടതുകാല്‍ മുടന്തി പതുക്കെ നടന്നാണ് മഡുറോ അ വിടെനിന്നും കവചിത വാഹനത്തിലേക്ക് കയറിയത്. ഇതിന് പിന്നാലെ വന്‍ പൊലീസ് അകമ്പടിയോടെ വാഹനവ്യൂഹം കോടതി സമുച്ചയത്തിലേക്ക് പ്രവേശിച്ചു. 2024ല്‍ ഡൊണാള്‍ഡ് ട്രംപ് ശിക്ഷിക്കപ്പെട്ട അതേ കോടതി സമുച്ചയത്തിന് സമീപമാണ് മഡുറോയെയും ഹാജരാക്കിയത് എന്നത് ശ്രദ്ധേയമാ യി. കോടതി പരിസരത്ത് മാധ്യമപ്രവര്‍ത്തകരുടെയും പൊതു ജനങ്ങളുടെയും വന്‍ നിര തന്നെ ഉണ്ടായിരുന്നു.
കയ്യാമം വെച്ച് മഡുറോയെ കോടതിയിലേക്ക് കൊണ്ടുവരുന്ന ദൃശ്യം അമേരിക്ക പുറത്തുവിട്ടു. അമേരിക്കന്‍ നിയമവ്യവസ്ഥയില്‍ ഒരു സാധാരണ പ്രതിക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും മഡുറോയ്ക്കും ലഭിക്കും. ലഹരിക്കടത്ത്, ഭീകരവാദ പ്രവര്‍ത്തനങ്ങള്‍, നിയമ വിരുദ്ധ ആയുധങ്ങള്‍ കൈവശം വയ്ക്കല്‍ തുടങ്ങി അതീവ ഗുരുതരമായ കുറ്റങ്ങളാണ് മഡുറോയ്ക്കും ഭാര്യയ്ക്കും മേല്‍ ചുമത്തിയിരിക്കുന്നത്. യു.എസിലേക്ക് ടണ്‍ കണക്കിന് കൊക്കെയ്ന്‍ കടത്താന്‍ ഒത്താശ ചെയ്‌തെന്നാണ് പ്രധാന ആരോപണം. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ ജീവിതകാലം മുഴുവന്‍ അമേരിക്കന്‍ ജയിലില്‍ കഴിയേണ്ടി വരുന്ന ഗുരുതരമായ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ യു.എ സ് ഭരണകൂടം ഉന്നയിക്കുന്നത്.
താന്‍ ഒരു സ്വതന്ത്ര രാജ്യത്തിന്റെ നിയമപരമായ പ്രസിഡന്റ്‌റാണെന്നും ഈ വിചാരണ അനധികൃതമാണെന്നുമാണ് അഭിഭാഷകര്‍ മുഖേന മഡുറോ വാദിക്കുന്നത്. ന്യൂയോര്‍ക്കിലെ ഫെഡറല്‍ കോടതിയില്‍ ഹാജരാക്കിയ മഡുറോയ്ക്കായി ശക്തമായ നിയമപോരാട്ടം നടത്താന്‍ വെനസ്വേലയും റഷ്യയും ചേര്‍ന്ന് ഉന്നതതല അഭിഭാഷക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഒരു പരമാധികാര രാജ്യത്തിന്റെ തലവനെ വിദേശരാജ്യത്ത് വിചാരണ ചെയ്യാന്‍ കഴിയില്ലെന്നും അന്താരാഷ്ട്ര നിയമമനുസരിച്ച് മഡുറോയ്ക്ക് നയതന്ത്ര പരിരക്ഷയുണ്ടെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ വാദം. മറ്റൊരു രാജ്യത്ത് കടന്നുകയറി പ്രസിഡന്റിനെ റാഞ്ചിക്കൊണ്ടു പോയത് തട്ടിക്കൊണ്ടുപോകലിന് തുല്യമാണെന്നും അതിനാല്‍ ഈ കേസ് നിലനില്‍ക്കില്ലെന്നും അവര്‍ വാദിക്കുന്നു.
2020ലെയും ഇപ്പോള്‍ പുതുതായി ചുമത്തിയതുമായ ലഹരിക്കടത്ത് കേസുകള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഇതിന് തെളിവുകളില്ലെന്നും മഡുറോയുടെ സംഘം കോടതിയെ അറിയിച്ചു. അതേസമയം അമേരിക്കയുടെ ഏകപക്ഷീയമായ സൈനിക നീക്കത്തെ ചോദ്യം ചെയ്ത് യു.എന്‍ രക്ഷാസമിതിയില്‍ റഷ്യയും ചൈനയും അടിയന്തര പ്രമേയം അവതരിപ്പിച്ചു. യുഎസ് നടപടി അപകടകരമായ ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടിറസ് ആശങ്ക പ്രകടിപ്പിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ മാനിക്കാത്തത് ലോകക്രമത്തെ തകര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.