ഭോപ്പാല്‍: മധ്യപ്രദേശില്‍ വാക്കുപാലിച്ച് വീണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍. പൊലീസിന് വീക്ക്‌ലി ഓഫ് അനുവദിച്ചു. ഇതു സംബന്ധിച്ചുള്ള തീരുമാനം കഴിഞ്ഞ ദിവസം ഡി.ജി.പി ഋഷികുമാര്‍ ശുക്ല പുറപ്പെടുവിച്ചു. നേരത്തെ, കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. അധികാരത്തില്‍ കയറിയാല്‍ കാര്‍ഷിക വായ്പ്പ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഉറപ്പ് നല്‍കിയിരുന്നു.

കഴിഞ്ഞ മുപ്പത്തിയെട്ട് വര്‍ഷത്തിനു ശേഷമാണ് സംസ്ഥാനത്ത് പൊലീസുകാര്‍ക്ക് ആഴ്ച്ചയില്‍ അവധി നല്‍കുന്നത്. നിലവില്‍ ആര്‍ജിത അവധി, ആനുവല്‍ ലീവ്,സിക്ക് ലീവ്, കാഷ്വല്‍ ലീവ് എന്നീ അവധികള്‍ക്ക് മാത്രമേ പൊലീസുകാര്‍ക്ക് അര്‍ഹത ഉണ്ടായിരുന്നുള്ളൂ. ഇതാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം മാറ്റിയെഴുതിയത്.