india

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു

By Lubna Sherin K P

January 28, 2026

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. ബാരാമതിയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിനിടെയുണ്ടായ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് അപകടം. അപകടത്തില്‍ അജിത് പവാര്‍ ഉള്‍പ്പെടെ വിമാനത്തിലുണ്ടായിരുന്ന ആറ് പേരും മരണപ്പെട്ടതായി ഡിജിസിഎ സ്ഥിരീകരിച്ചു.

ഇന്ന് രാവിലെ 8.45-ഓടെയാണ് അപകടം സംഭവിച്ചത്. ബാരാമതിയില്‍ നടക്കാനിരുന്ന റാലിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. സംഭവസ്ഥലത്ത് എത്തുന്നതിന് 25 മിനിറ്റ് മുന്‍പ് വിമാനം സാങ്കേതിക തകരാറിലാവുകയായിരുന്നു. പൈലറ്റ് ക്രാഷ് ലാന്‍ഡിംഗിന് ശ്രമിച്ചെങ്കിലും വിമാനം നിയന്ത്രണം വിട്ട് സമീപത്തെ വയലിലേക്ക് ഇടിച്ചിറങ്ങി കത്തിനശിക്കുകയായിരുന്നു.

അപകടം നടന്ന ഉടനെ പോലീസും ജില്ലാ ഭരണകൂടവും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഗുരുതരമായി പരിക്കേറ്റ പവാറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വിമാനം പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.