News

മഹാശിവരാത്രി; ആലുവ മണപ്പുറത്ത് കനത്ത തിരക്ക് പ്രതീക്ഷിച്ച് വിപുലമായ ക്രമീകരണങ്ങള്‍, ഇന്ന് വൈകിട്ട് 4 മുതല്‍ ഗതാഗത നിയന്ത്രണം

By vismaya

February 15, 2026

കൊച്ചി: മഹാശിവരാത്രി ആഘോഷങ്ങള്‍ക്ക് ആലുവ മണപ്പുറം സജ്ജമായി. പിതൃകര്‍മങ്ങള്‍ക്കായി ജനലക്ഷങ്ങള്‍ പെരിയാര്‍ കരയിലേക്ക് ഒഴുകിയെത്തുമെന്നാണു പ്രതീക്ഷ. ഇത്തവണ ശിവരാത്രി ഞായറാഴ്ചയായതിനാല്‍ വലിയ തിരക്കാണ് മണപ്പുറത്ത് പ്രതീക്ഷിക്കുന്നത്.

ഇന്ന് അര്‍ധരാത്രി ശിവരാത്രി വിളക്കും എഴുന്നള്ളിപ്പും കഴിഞ്ഞാണ് ഔപചാരികമായി ബലിതര്‍പ്പണം ആരംഭിക്കുക. പുഴയോരത്തെ ബലിത്തറകളില്‍ പുരോഹിതന്മാരുടെ നേതൃത്വത്തില്‍ അതിനു മുന്‍പേ തന്നെ പിതൃകര്‍മങ്ങള്‍ തുടങ്ങും. ഞായറാഴ്ച രാവിലെ മുതല്‍ തിങ്കളാഴ്ച ഉച്ചവരെ ശിവരാത്രി ബലിയിടാമെന്ന് മണപ്പുറം മഹാദേവ ക്ഷേത്രം മേല്‍ശാന്തി മുല്ലപ്പിള്ളി ശങ്കരന്‍ നമ്പൂതിരി അറിയിച്ചു. ചൊവ്വാഴ്ച കുംഭത്തിലെ അമാവാസിയായതിനാല്‍ അന്നു വാവുബലി തര്‍പ്പണവും നടത്താം.

ഇക്കൊല്ലം മൂന്നു ദിവസം ബലിതര്‍പ്പണത്തിന് തിരക്ക് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. 116 ബലിത്തറകളാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ലേലം ചെയ്ത് നല്‍കിയിരിക്കുന്നത്. ബലിതര്‍പ്പണത്തിന് 100 രൂപയാണ് ദേവസ്വം ബോര്‍ഡിന്റെ നിരക്ക്.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 1500 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. മണപ്പുറത്തും ആലുവ നഗരത്തിലുമായി പ്രത്യേക പൊലീസ് സ്റ്റേഷന്‍, വാച്ച് ടവറുകള്‍, സ്‌ക്വാഡുകള്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, എയ്ഡ് പോസ്റ്റുകള്‍, സിസിടിവി, മഫ്തി പൊലീസ്, സ്‌കൂബ ടീം, പട്രോളിംഗ്, ആംബുലന്‍സ് സേവനം, കുടിവെള്ളം എന്നിവ ഒരുക്കിയിട്ടുണ്ട്. അഗ്‌നിരക്ഷാസേനയും സംവിധാനങ്ങളുമായി ക്യാമ്പ് ചെയ്യും. ബലിതര്‍പ്പണം നടക്കുന്ന കടവുകളില്‍ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിച്ചു.

ശിവരാത്രിയോട് അനുബന്ധിച്ച് ഇന്ന് വൈകിട്ട് 4 മുതല്‍ തിങ്കളാഴ്ച പകല്‍ 2 വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ആലുവ നഗരത്തില്‍ നിന്ന് ശിവരാത്രി നടപ്പാലം വഴി മണപ്പുറത്തേക്ക് വരുന്ന ഭക്തരെ വലതുഭാഗം വഴി പ്രവേശിപ്പിക്കുകയും, മടങ്ങുമ്പോള്‍ ഇടതുഭാഗം വഴി തിരികെ വിടുകയും ചെയ്യും.

മണപ്പുറത്ത് എത്തുന്ന ഭക്തര്‍ക്കായി ദേവസ്വം ബോര്‍ഡ് 2 കോടി രൂപയുടെയും നഗരസഭ 1 കോടി രൂപയുടെയും അപകട ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരമാണ് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്. രാത്രി ഉറക്കമൊഴിയുന്നവര്‍ക്ക് അന്നദാനം നല്‍കും.

മണപ്പുറത്തേക്കായി കെഎസ്ആര്‍ടിസി 210 സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ നടത്തും. കൂടാതെ രാത്രി കൊച്ചി മെട്രോയും ദക്ഷിണ റെയില്‍വേയും പ്രത്യേക സര്‍വീസുകള്‍ നടത്തും.

ആലുവ നഗരസഭയും മറ്റ് സര്‍ക്കാര്‍ വകുപ്പുകളും ദേവസ്വം ബോര്‍ഡിനൊപ്പം ചേര്‍ന്നാണ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇന്ന് മണപ്പുറത്തെ മഹാദേവ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടക്കും.

പെരിയാറിന് അക്കരെ അദ്വൈതാശ്രമം (ശ്രീനാരായണഗുരു സ്ഥാപിച്ചത്) യിലും ബലിതര്‍പ്പണം നടക്കും. നഗരസഭയുടെ നേതൃത്വത്തില്‍ ഒരു മാസം നീളുന്ന വ്യാപാരമേളയ്ക്കും ഇന്ന് തുടക്കമാകും.