ഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ദേശീയ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് ബില്‍ അവതരിപ്പിച്ചത്. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ മഹാത്മാഗാന്ധിയുടെ ചിത്രങ്ങളുമായി പ്രതിപക്ഷം സഭാ കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
കഴിഞ്ഞ 20 വര്‍ഷമായി രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ ഉറപ്പു നല്‍കുന്ന നിര്‍ണായക പദ്ധതിയാണ് ഇല്ലാതാക്കുന്നത്. തൊഴില്‍ അവകാശം ആയിരുന്നത് പുതിയ ബില്ലിലൂടെ അല്ലാതാകുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. അധികാര വികേന്ദ്രീകരണത്തിന് വിരുദ്ധമാണ് പുതിയ നിയമം. ബില്ല് ഭരണഘടന വിരുദ്ധമാണ്. എല്ലാ പദ്ധതികളുടെയും പേരുമാറ്റുന്നതെന്തിനെന്ന് മനസിലാകുന്നില്ലെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
ജി റാം ജിയിലൂടെ മഹാത്മാഗാന്ധിയുടെ രാമരാജ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി ശിവ രാജ് സിങ് ചൗഹാന്‍ പറഞ്ഞു. സ്വയം പര്യാപ്തമായ ഗ്രാമം എന്ന ഗാന്ധിജിയുടെ ആശയമാണ് പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുന്നത്. പാവപ്പെട്ടവരുടെ ക്ഷേമമാണ് സര്‍ക്കാറിന്റെ ലക്ഷ്യം. പദ്ധതിക്കായി യുപിഎ കാലത്തേക്കാള്‍ ഫണ്ട് വകയിരുത്തിയെന്ന് മന്ത്രി പറഞ്ഞു. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ദീന്‍ ധരയാല്‍ ഉപാധ്യായയുടെയും ആശയങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ ബില്ലില്‍ 125 ദിവസത്തെ തൊഴിലുറപ്പ് നല്‍കുന്നുവെന്ന് കേന്ദ്രമന്ത്രി ബില്ല് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
സ്വാതന്ത്ര്യസമരം നയിച്ച രാഷ്ട്രപിതാവിന്റെ പേര് മാറ്റിയ മന്ത്രി എന്ന നിലയില്‍ ആകും നിങ്ങളുടെ പേര് അറിയപ്പെടുകയെന്ന് കെസി വേണുഗോപാല്‍ വിമര്‍ശിച്ചു. ബില്ല് സ്റ്റാന്‍ഡിങ് കമ്മറ്റിക്ക് വിടണമെന്ന് എന്‍സിപി അംഗം സുപ്രിയ സുലെ ആവശ്യപ്പെട്ടു. മഹാത്മാഗാന്ധിയുടെ രാമരാജ്യം രാഷ്ട്രീയ പദ്ധതിയല്ലെന്ന് ശശി തരൂര്‍ എംപി പറഞ്ഞു. ഗ്രാമസ്വരാജായിരുന്നു മഹാത്മാഗാന്ധിയുടെ രാമരാജ്യ കാഴ്ചപ്പാടിന്റെ അടിസ്ഥാനം. 40 ശതമാനം സാമ്പത്തിക ബാധ്യത സംസ്ഥാനങ്ങള്‍ക്ക് മേല്‍ കെട്ടിവക്കുന്നത് ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്ന് അദേഹം പറഞ്ഞു.