tech
പാന്‍ കാര്‍ഡ് നിബന്ധനകളില്‍ വന്‍ മാറ്റങ്ങള്‍; വാഹനം വാങ്ങുന്നതിലും ഇളവ്
പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും.
ന്യൂഡല്‍ഹി: രാജ്യത്തെ ആദായനികുതി നിയമങ്ങള്‍ പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പാന്‍ കാര്‍ഡ് (PAN) നിര്‍ബന്ധമായ ഇടപാടുകളുടെ പരിധിയില്‍
പുതിയ മാറ്റങ്ങള്‍. 2026 ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം, ദൈനംദിന സാമ്പത്തിക ഇടപാടുകളില്‍ സാധാരണക്കാര്‍ക്ക് വലിയ ഇളവുകള്‍ ലഭിക്കും.
പ്രധാനപ്പെട്ട 5 മാറ്റങ്ങള്‍ താഴെ പറയുന്നവയാണ്
ബാങ്ക് നിക്ഷേപങ്ങള്‍ക്കും പിന്‍വലിക്കലുകള്‍ക്കും പുതിയ പരിധി
നിലവില്‍ ഒരു ദിവസം 50,000 രൂപയ്ക്ക് മുകളില്‍ ബാങ്കില്‍ നിക്ഷേപിക്കാന്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. എന്നാല്‍ പുതിയ നിയമപ്രകാരം, ഒരു സാമ്പത്തിക വര്‍ഷത്തില്‍ ആകെ 10 ലക്ഷം രൂപയോ അതിലധികമോ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പാന്‍ കാര്‍ഡ് നല്‍കേണ്ടതുള്ളൂ. ഇത് ചെറുകിട വ്യാപാരികള്‍ക്കും സാധാരണക്കാര്‍ക്കും വലിയ ആശ്വാസമാകും.
വാഹനം വാങ്ങുന്നതില്‍ ഇളവ്
വാഹനങ്ങള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ട തുകയുടെ പരിധി 5 ലക്ഷം രൂപയായി ഉയര്‍ത്തി. നിലവില്‍ ഏതൊരു വാഹനത്തിനും പാന്‍ കാര്‍ഡ് നിര്‍ബന്ധമായിരുന്നു. എന്നാല്‍ ഇനി മുതല്‍ 5 ലക്ഷത്തിന് താഴെ വിലയുള്ള കാറുകള്‍ വാങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നല്‍കേണ്ടതില്ല. അതേസമയം, ഉയര്‍ന്ന വിലയുള്ള ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമാകും.
ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ബാങ്ക്വറ്റ് ഹാളുകള്‍ എന്നിവിടങ്ങളിലെ പണമിടപാടുകള്‍ക്ക് നിലവിലെ 50,000 രൂപ എന്ന പരിധി 1 ലക്ഷം രൂപയായി ഉയര്‍ത്തിയിട്ടുണ്ട്. ഇതോടെ കല്യാണങ്ങള്‍ക്കും മറ്റും ഹോട്ടലുകളില്‍ പണമിടപാട് നടത്തുമ്പോള്‍ നേരിട്ടിരുന്ന ചെറിയ തടസ്സങ്ങള്‍ ഒഴിവാകും.
വസ്തു ഇടപാടുകളുടെ (Real Estate) പരിധിയില്‍ മാറ്റം
വസ്തു വാങ്ങുകയോ വില്ക്കുകയോ ചെയ്യുമ്പോള്‍ പാന്‍ കാര്‍ഡ് ആവശ്യമായ കുറഞ്ഞ തുക 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷം രൂപയായി സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. വസ്തു വില വര്‍ധിക്കുന്നത് കണക്കിലെടുത്താണ് ഈ മാറ്റം.
ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധം
ഇന്‍ഷുറന്‍സ് മേഖലയില്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങുമ്പോള്‍ പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ വാര്‍ഷിക പ്രീമിയം 50,000 രൂപക്ക് മുകളിലുള്ളവര്‍ക്ക് മാത്രമേ പാന്‍ നിര്‍ബന്ധമുണ്ടായിരുന്നുള്ളൂ. ഇനി മുതല്‍ എല്ലാ ഇന്‍ഷുറന്‍സ് അക്കൗണ്ടുകള്‍ക്കും പാന്‍ കാര്‍ഡ് വിവരങ്ങള്‍ നല്‍കേണ്ടി വരും.
മറ്റു മാറ്റങ്ങള്‍
ക്രിപ്റ്റോ ഇടപാടുകളുടെ വിവരങ്ങള്‍ എക്സ്ചേഞ്ചുകള്‍ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണം, ഡിജിറ്റല്‍ കറന്‍സി (CBDC) ഔദ്യോഗിക പണമിടപാടായി അംഗീകരിക്കുക തുടങ്ങിയ മാറ്റങ്ങളും കരട് റിപ്പോര്‍ട്ടിലുണ്ട്. കരട് നിയമത്തില്‍ പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അവസരം നല്‍കിയിട്ടുണ്ട്.
india
‘ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ വയ്യെങ്കില്‍ ഇന്ത്യ വിട്ട് പോകാം’; സ്വകാര്യതാ നയത്തില്‍ വാട്ട്സ്ആപ്പിനെതിരെ കടുപ്പിച്ച് സുപ്രിംകോടതി
ഇന്‍സ്റ്റന്റെ മെസേജിങ് ആപ്പായ വാട്ട്സ്ആപ്പിന്റെ സ്വകാര്യത നയങ്ങളുമായി ബന്ധപ്പെട്ട് വാട്ട്സ്ആപ്പ് ഉടമകളായ മെറ്റയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകാമെന്നുമാണ് സുപ്രിംകോടതിയുടെ രൂക്ഷമായ താക്കീത്. ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ബെഞ്ചിന്റെ ഭാഗത്തുനിന്നാണ് വിമര്‍ശനങ്ങള്‍.
ഉപയോക്താവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി ഷെയര്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട വാട്ട്സ്ആപ്പിന്റെ 2021ലെ സ്വകാര്യ നയത്തിനെതിരെയാണ് കോടതിയുടെ വിമര്‍ശനങ്ങള്‍. ഉപയോക്താക്കളുടെ താത്പര്യങ്ങളും സ്വഭാവവും അഭിരുചിയും വിശകലനം ചെയ്ത് ഇവ പരസ്യത്തിനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി പങ്കുവയ്ക്കുന്നത് അവകാശലംഘനമാണെന്നാണ് കോടതി നിരീക്ഷിച്ചിരിക്കുന്നത്. പൗരന്മാരുടെ സ്വകാര്യത കമ്പനികളുടെ ബിസിനസ് താത്പര്യങ്ങള്‍ക്കായി വിട്ടുകൊടുക്കാനാകില്ല. വിപണിയില്‍ ഒരു കുത്തകയായി നില്ക്കുന്ന വാട്ട്സ്ആപ്പ് സാഹചര്യങ്ങളെ ചൂഷണം ചെയ്യുകയാണെന്നും കോടതി പറഞ്ഞു.
വാട്ട്സ്ആപ്പിന്റെ സ്വകാര്യതാ നയങ്ങളിലെ മാറ്റങ്ങളും മറ്റും സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസിലാക്കാന്‍ പറ്റില്ലല്ലോ എന്ന് കോടതി ചോദിച്ചു. നിങ്ങളുടെ പോളിസികള്‍ ഞങ്ങള്‍ക്ക് പോലും പലപ്പോഴും മനസിലാകുന്നില്ല. ഈ നാട്ടിലെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് ഇതൊന്നും മനസിലാക്കാന്‍ സാധിക്കില്ല. ഇതെല്ലാം സ്വകാര്യ വിവരങ്ങളുടെ മോഷണം തന്നെയാണെന്നും കോടതി വിമര്‍ശിച്ചു. നിങ്ങള്‍ നിങ്ങളുടെ ഒരു രോഗം സംബന്ധിച്ച് ഡോക്ടര്‍ക്ക് സന്ദേശം അയച്ച് കഴിഞ്ഞാല്‍ തൊട്ടടുത്ത നിമിഷം തന്നെ നിങ്ങളുടെ രോഗവുമായി ബന്ധപ്പെട്ട പല ഉത്പ്പന്നങ്ങളുടേയും പരസ്യം നിങ്ങള്‍ക്ക് ഓണ്‍ലൈനില്‍ കാണേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
tech
വാട്സ്ആപ്പില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വരെ മെറ്റ വായിക്കുന്നു; കോടതിയെ സമീപിച്ച് ഉപയോക്താക്കള്‍
‘എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍’ സംവിധാനം നിലനില്‍ക്കെത്തന്നെ വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് മാതൃകമ്പനിയായ മെറ്റക്കെതിരെ കോടതിയില്‍ ഹരജി നല്കി.
വാഷിങ്ടണ്‍: ‘എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍’ സംവിധാനം നിലനില്‍ക്കെത്തന്നെ വാട്സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യ സന്ദേശങ്ങള്‍ ചോര്‍ത്തുന്നുവെന്നാരോപിച്ച് മാതൃകമ്പനിയായ മെറ്റക്കെതിരെ കോടതിയില്‍ ഹരജി നല്കി. ഒരു കൂട്ടം അന്താരാഷ്ട്ര ഉപയോക്താക്കളാണ് സാന്‍ ഫ്രാന്‍സിസ്കോ കോടതിയില്‍ ഹരജി ഫയല്‍ ചെയ്തത്. ഡിലീറ്റ് ചെയ്തെന്ന് കരുതുന്ന സന്ദേശങ്ങള്‍ വരെ മെറ്റ വായിക്കുകയും ചോര്‍ത്തുകയും ചെയ്യുന്നുവെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.
ആസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. ജനുവരി 23നാണ് ഈ കേസ് ഫയല്‍ ചെയ്തത്. വാട്സ്ആപ്പിന്റേത് തട്ടിപ്പാണെന്നും നഷ്ടപരിഹാരം വേണമെന്നും പരാതിക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം ആരോപണങ്ങള്‍ തെറ്റാണെന്നും അസംബന്ധമാണെന്നും മെറ്റ വ്യക്തമാക്കി. ഈ അവകാശവാദങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള സാങ്കേതിക തെളിവുകള്‍ ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്സാപ്പിന്റെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ (end-to-end encryption) രൂപകല്‍പ്പന ചെയ്തിരിക്കുന്നത് സന്ദേശങ്ങള്‍ അയക്കുന്നയാള്‍ക്കും സ്വീകരിക്കുന്നയാള്‍ക്കും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയിലാണ്. ഇതിന്റെ എന്‍ക്രിപ്ഷന്‍ കീകള്‍ (encryption keys) ഉപയോക്താക്കളുടെ ഉപകരണങ്ങളില്‍ തന്നെ സൂക്ഷിക്കപ്പെടുന്നതിനാല്‍ മെറ്റയ്ക്ക് (Meta) പോലും ഈ സന്ദേശങ്ങള്‍ ഡീക്രിപ്റ്റ് ചെയ്യാനോ വായിക്കാനോ കഴിയില്ലെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം വാട്സ്ആപ്പിനെതിരെയുള്ള പരാതി ഉപയോഗപ്പെടുത്തുകയാണ് ഇലോണ്‍ മസ്ക്. വാട്സ്ആപ്പ് സുരക്ഷിതമല്ലെന്ന് ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടു. അദ്ദേഹം നേരത്തെയും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. വാട്സ്ആപ്പിലെ സിഗ്നല്‍ പോലും സംശയാസ്പദമാണെന്ന് കൂട്ടിച്ചേര്‍ത്ത അദ്ദേഹം, ഉപയോക്താക്കളോട് എക്സ് ചാറ്റ് (X Chat) ഉപയോഗിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറിലാണ് എക്സ് ചാറ്റ് ലോഞ്ച് ചെയ്തത്. സുരക്ഷിതമായി മെസേജുകള്‍ അയക്കാനാകുമെന്നാണ് മസ്ക് അവകാശപ്പെടുന്നത്.
tech
ഫോണ്‍പേയെ കൈവെടിഞ്ഞ് മൈക്രോസോഫ്റ്റ്; ഓഹരി വില്ക്കാന് വാള്‍മാര്‍ട്ട്
ഫോണ്‍പേയുടെ ഐ.പി.ഒയില്‍ പൂര്‍ണമായും നിക്ഷേപകരുടെ 5.06 കോടി ഓഹരികളാണ് (ഓഫര്‍ ഫോണ്‍ സെയ്ല്) വില്‍പ്പനക്ക് വെക്കുക.
മുംബൈ: രാജ്യത്തെ മുന്‍നിര ഡിജിറ്റല്‍ പെയ്മെന്റ് കമ്പനിയായ ഫോണ്‍പേയിലെ നിക്ഷേപം ഒഴിവാക്കാന്‍ മൈക്രോസോഫ്റ്റും ടൈഗര്‍ ഗ്ലോബലും. പ്രഥമ ഓഹരി വില്പനയിലൂടെയായിരിക്കും (ഐ.പി.ഒ) നിക്ഷേപം ഒഴിവാക്കുക. ഐ.പി.ഒക്ക് സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ച ശേഷം സമര്‍പ്പിച്ച പുതുക്കിയ ഡ്രാഫ്റ്റ് റെഡ് ഹെറിങ് പ്രോസ്പെക്ടസിലാണ് ഇക്കാര്യം പറയുന്നത്. ഫോണ്‍പേയുടെ ഐ.പി.ഒയില്‍ പൂര്‍ണമായും നിക്ഷേപകരുടെ 5.06 കോടി ഓഹരികളാണ് (ഓഫര്‍ ഫോണ്‍ സെയ്ല്) വില്‍പ്പനക്ക് വെക്കുക.
രാജ്യത്ത് ഡിജിറ്റല്‍ പെയ്മെന്റ് രംഗത്ത് വന്‍ മുന്നേറ്റമുണ്ടായ ശേഷം ആദ്യമായാണ് വിദേശ നിക്ഷേപകര്‍ ഓഹരികള്‍ വില്പന നടത്തുന്നത്. നിലവില്‍ ഉടമയായ യു.എസിലെ ബഹുരാഷ്ട്ര കമ്പനി വാള്‍മാര്‍ട്ട് ഇന്റര്‍നാഷനല്‍ ഹോള്‍ഡിങ്സ് 4.59 കോടി ഓഹരികള്‍ വില്‍ക്കും. 9.06 ശതമാനം ഓഹരി വില്പനയാണ് നടത്തുന്നതെങ്കിലും വാള്‍മാര്‍ട്ട് പ്രമോട്ടറായി തുടരും. ഡബ്ല്യു.എം ഡിജിറ്റല്‍ കോമേഴ്സ് ഹോള്‍ഡിങ്സ് എന്ന കമ്പനിയിലൂടെയാണ് വാള്‍മാര്‍ട്ട് നിക്ഷേപം നടത്തിയിരിക്കുന്നത്. ടൈഗര്‍ ഗ്ലോബലും മൈക്രോസോഫ്റ്റ് ഗ്ലോബല്‍ ഫിനാന്‍സ് അണ്‍ലിമിറ്റഡും ചേര്‍ന്ന് 47.17 ലക്ഷം ഓഹരികള്‍ വില്പന നടത്തി കമ്പനിയില്‍നിന്ന് പിന്മാറും.
-
News3 days ago’15 മിനിറ്റില്‍ വീട്ടിലെത്തും’; അവസാന ഫോണ്‍വിളിക്ക് പിന്നാലെ യുവാവിന്റെ യാത്ര മരണത്തിലേക്ക്
-
News3 days agoരണ്ടാം ദിനം ഇരട്ടി കളക്ഷന്‍; ‘ആശകള്‍ ആയിരം’ വിജയകുതിപ്പില്‍
-
News3 days agoതണ്ടപ്പേര് ലഭിക്കാത്തതിന്റെ പേരില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവം; ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയെന്ന് കണ്ടെത്തല്‍
-
india3 days agoപ്രതിഷേധം കനത്തു; മുസ്ലിംകളെ വെടിവെക്കുന്ന അസം മുഖ്യമന്ത്രിയുടെ AI വീഡിയോ ബിജെപി നീക്കം ചെയ്തു
-
india3 days ago‘ഇന്ത്യയുടെ പരമാധികാരം മോദി പണയം വെക്കുന്നു’: യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
india3 days agoപത്ത് വര്‍ഷത്തിലൊരിക്കല്‍ സെന്‍സസ് നിര്‍ബന്ധമാക്കണം; സ്വകാര്യ ബില്ലുമായി അഡ്വ. ഹാരിസ് ബീരാന് എംപി
-
kerala3 days agoബി.ജെ.പി സര്‍ക്കാറിന് നെഹ്റുവിന്റെ ഓര്‍മകള്‍ മായ്ക്കാനാവില്ല, അത് ഇന്ത്യയുടെ ഡി.എന്‍.എയില്‍ പതിഞ്ഞത്: ശശി തരൂര്‍
-
india3 days agoഇന്ത്യ-യുഎസ് വ്യാപാര കരാര്‍: കര്‍ഷകരെയും രാജ്യത്തെയും ഒറ്റിക്കൊടുത്തു; പ്രതിപക്ഷം പ്രതിഷേധത്തില്‍
