News

ശബരിമലയില്‍ ഇന്ന് മകരവിളക്ക്; ദര്‍ശനത്തിനായി ഒന്നരലക്ഷത്തോളം ഭക്തര്‍ എത്തും

By webdesk17

January 14, 2026

പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് മകരവിളക്ക് മഹോത്സവം. മഹോത്സവത്തോടനുബന്ധിച്ച ശുദ്ധിക്രിയകള്‍ ഉള്‍പ്പെടെ സന്നിധാനത്തെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.50ന് മകര സംക്രമ പൂജകള്‍ക്ക് തുടക്കമാകും.

മകരവിളക്ക് ദര്‍ശനത്തിനായി ഒന്നരലക്ഷത്തോളം ഭക്തര്‍ സന്നിധാനത്തേക്ക് എത്തും. ഇതിനെ തുടര്‍ന്ന് സന്നിധാനത്തും പരിസരങ്ങളിലും കര്‍ശനമായ തീര്‍ത്ഥാടക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വെര്‍ച്വല്‍ ക്യൂ വഴി 30,000 പേര്‍ക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേര്‍ക്കുമാണ് ഇന്ന് പ്രവേശനം അനുവദിച്ചിരിക്കുന്നത്. രാവിലെ 11 മുതല്‍ പമ്പയില്‍ നിന്ന് തീര്‍ത്ഥാടകരെ കയറ്റിവിടില്ല.

പന്തളം വലിയ കോയിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ വിവിധ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി ഘോഷയാത്ര ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് എത്തും. തുടര്‍ന്ന് തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധന നടക്കും. മരുതമനയില്‍ ശിവന്‍കുട്ടിയാണ് ഇത്തവണ മുതല്‍ തിരുവാഭരണ വാഹക സംഘത്തിന്റെ ഗുരുസ്വാമി. പന്തളം കൊട്ടാരത്തെ പ്രതിനിധീകരിച്ച് പി.എന്‍. നാരായണവര്‍മ്മ രാജപ്രതിനിധിയായി യാത്രയെ അനുഗമിക്കുന്നുണ്ട്.

മകരജ്യോതി ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ അറിയിച്ചു. സന്നിധാനത്തും പരിസരങ്ങളിലും ഏകദേശം ഒരു ലക്ഷത്തോളം ഭക്തര്‍ ഇതിനകം തമ്പടിച്ചിട്ടുണ്ട്. എരുമേലി കാനനപാത വഴിയും തീര്‍ത്ഥാടകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പൂര്‍ണ സജ്ജമാണ്.

തിരുമുറ്റത്തും ഫ്‌ലൈ ഓവറുകളിലും നിന്ന് മകരജ്യോതി ദര്‍ശിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ദേവസ്വം ബോര്‍ഡിന്റെ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ പാസ് ലഭിച്ചവര്‍ക്ക് മാത്രമേ ഈ സ്ഥലങ്ങളില്‍ നില്‍ക്കാന്‍ അനുമതിയുള്ളൂ. പാസ് മറ്റൊരാള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.

മകരജ്യോതി ദര്‍ശനത്തിന് ശേഷം തിരിച്ചിറങ്ങാന്‍ തീര്‍ത്ഥാടകര്‍ തിരക്ക് കൂട്ടുന്ന പ്രവണത ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു. തിരിച്ചുപോകുന്നതിനായി പമ്പയില്‍ കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ താമസസൗകര്യം ലഭിക്കാത്ത പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും, ഈ വര്‍ഷം ഓണ്‍ലൈന്‍ മുറി ബുക്കിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭക്തരെ ചൂഷണം ചെയ്യാന്‍ ഇടയില്ലാത്ത സുതാര്യമായ സംവിധാനമാണ് ഒരുക്കിയിരിക്കുന്നതെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അടുത്ത ശബരിമല തീര്‍ത്ഥാടന കാലത്തേക്കുള്ള ആസൂത്രണവും ഈ വര്‍ഷത്തെ അവലോകനവും നടത്തുന്നതിനായി ഫെബ്രുവരി 6ന് എല്ലാ വകുപ്പുകളെയും വിളിച്ച് ചേര്‍ത്ത് യോഗം ചേരുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

മകരവിളക്ക് മഹോത്സവം നടക്കുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍കൂട്ടി നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും സര്‍വകലാശാലാ പരീക്ഷകള്‍ക്കും മാറ്റമില്ല. അവശ്യ സര്‍വീസുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് അവധി ബാധകമല്ല. വ്യാഴാഴ്ച തൈപ്പൊങ്കല്‍ പ്രമാണിച്ച് ജില്ലയില്‍ വീണ്ടും അവധിയായിരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.