kerala

ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ വന്‍ വിജയമാക്കുക: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍

By webdesk17

September 17, 2025

മലപ്പുറം: 2025 ഒക്ടോബര്‍ 1 മുതല്‍ 20 വരെ നടക്കുന്ന ചന്ദ്രിക വാര്‍ഷിക കാമ്പയിന്‍ വന്‍ വിജയമാക്കുന്നതിന് രംഗത്തിറങ്ങണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റും ചന്ദ്രിക ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടറുമായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ആഹ്വാനം ചെയ്തു. രാജ്യത്തിന്റെയും ജനതയുടെയും സര്‍വതോന്മുഖമായ പുരോഗതിക്കും മതമൈത്രി കാത്തുസൂക്ഷിക്കുന്നതിനും ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങളുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും 93വര്‍ഷമായി നിരന്തരം പ്രയത്‌നിച്ചുപോരുന്ന അഭിമാനകരമായ പാരമ്പര്യമുള്ള ‘ചന്ദ്രിക’ യുടെ പ്രചാരണം ഊര്‍ജിതമാക്കാന്‍ മുസ്ലിംലീഗ് ഘടകങ്ങളും അഭ്യുദയകാംക്ഷികളും മുന്നിട്ടിറങ്ങണം. ബ്രിട്ടീഷ് സര്‍ക്കാറിന്റെ കാലം മുതല്‍ ഭരണകൂടങ്ങളുടെ അവഗണനക്കും അവകാശ നിഷേധങ്ങള്‍ക്കും വിധേയമായി ഇരുളില്‍ കഴിയേണ്ടിവന്ന ജനവിഭാഗങ്ങളില്‍ അറിവും ആത്മബലവും പകര്‍ന്ന്, അവരെ രാഷ്ട്രീയ പ്രബുദ്ധവും സംഘടിത ശക്തിയുമാക്കി മാറ്റുന്നതില്‍ ഇക്കാലമത്രയും ചന്ദ്രിക വഹിച്ച പങ്ക് ചരിത്രത്തില്‍ രേഖപ്പെട്ടതാണ്. നാടിന്റെ സാമൂഹിക വിദ്യാഭ്യാസ വളര്‍ച്ചയിലും സര്‍വതുറകളിലുമുള്ള വികസനത്തിലും അതുല്യ സംഭാവനകളര്‍പ്പിച്ചതാണ് ചന്ദ്രികയുടെ കര്‍മപഥം. രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും രാഷ്ട്രീയ സാമൂഹിക പൊതുമണ്ഡലം പ്രശ്‌ന സങ്കീര്‍ണമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്.

വിദ്വേഷത്തിനെതിരെ നിതാന്ത ജാഗ്രതയോടെ ചന്ദ്രികയും അതിന്റെ ജൈത്രയാത്ര തുടരുന്നത്. എല്ലാ മലയാളികളും ഒരുപോലെ നെഞ്ചേറ്റുന്ന സ്ഥാപനമായി ചന്ദ്രിക മാറിയതും വിട്ടുവീഴ്ചയില്ലാത്ത പ്രതിബന്ധതമൂലമാണ്. ആധുനിക കാലത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി ചന്ദ്രിക പുതിയ ചക്രവാളം തേടുമ്പോള്‍ തുടര്‍ന്നും നിങ്ങള്‍ കൂടെയുണ്ടാവുമെന്ന് ഉറപ്പാണ്. ജനവിരുദ്ധവും മനുഷ്യത്വ രഹിതവുമായ ഇത്തരം രാഷ്ട്രീയ സമീപനങ്ങളെ തുറന്നുകാണിക്കാനും വേട്ടയാടപ്പെടുന്ന മനുഷ്യരുടെ വേദനകള്‍ ലോകത്തിന് മുന്നില്‍ അറിയിക്കാനും ആദര്‍ശ ധീരതയാര്‍ന്ന മാധ്യമ സ്ഥാപനങ്ങള്‍ അനിവാര്യമാണ്. നിരന്തരമായി അധികാര കേന്ദ്രങ്ങളുടെ തിന്മകളോട് രാജിയാകാതെ ധീരമായ ചുവടുകളോടെ മുന്നേറിയ പാരമ്പര്യമാണ് ചന്ദ്രികക്കുള്ളത്. നവതി ആഘോഷങ്ങളുടെ നിറവില്‍ ജ്വലിച്ചു നില്‍ക്കുകയാണ് ചന്ദ്രിക. ഇക്കാലമത്രയും ചന്ദ്രിക തുടര്‍ന്നു പോരുന്ന നേരിന്റെ മാധ്യമ ധര്‍മ്മം ഇനിയും ശോഭയോടെ ജ്വലിച്ചു നില്‍ക്കണം. സമൂഹത്തിന്റെ കണ്ണും കാതും നാവുമായി പ്രവര്‍ത്തിക്കാന്‍ ചന്ദ്രികക്ക് കഴിയട്ടെ. തുടര്‍ന്നുള്ള പ്രയാണത്തിന് എല്ലാവരും കരുത്തേകണമെന്നും, പ്രസ്ഥാനം തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നതിനു സജ്ജമായി കൊണ്ടിരിക്കുമ്പോള്‍ അതിന് കരുത്തായി വര്‍ത്തിക്കേണ്ട ചന്ദ്രികക്ക് കൂടുതല്‍ വരിക്കാരെ ചേര്‍ക്കുന്നതിന് പാര്‍ട്ടി ഘടകങ്ങള്‍ സമയബന്ധിതമായി നിശ്ചിത കോട്ട പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്നും തങ്ങള്‍ പറഞ്ഞു.