News

മലമ്പുഴ പീഡന കേസ്: സ്‌കൂളിന്റെ ഭാഗത്ത് ഗുരുതര പിഴവ് കണ്ടെത്തി

By webdesk17

January 05, 2026

പാലക്കാട്: പാലക്കാട് മലമ്പുഴയില്‍ മദ്യം നല്‍കി വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ ഗുരുതര വീഴ്ച വരുത്തിയതായി സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പീഡന വിവരം അറിഞ്ഞിട്ടും ദിവസങ്ങളോളം സംഭവം മറച്ചുവെച്ചുവെന്നാണ് അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തല്‍.

ഡിസംബര്‍ 18നാണ് പീഡനത്തിനിരയായ വിദ്യാര്‍ത്ഥി സഹപാഠിയോട് വിവരം തുറന്നു പറഞ്ഞത്. അന്നേ ദിവസം തന്നെ സ്‌കൂള്‍ അധികൃതര്‍ സംഭവം അറിഞ്ഞിരുന്നുവെങ്കിലും, ഇത് പൊലീസിനെയോ ബന്ധപ്പെട്ട ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സംവിധാനങ്ങളെയോ അറിയിച്ചില്ല. പകരം ഡിസംബര്‍ 19ന് അധ്യാപകനെതിരെ മാനേജ്‌മെന്റ് തലത്തില്‍ നടപടി സ്വീകരിച്ചെങ്കിലും നിയമപരമായ റിപ്പോര്‍ട്ടിങ് വൈകിച്ചു.

പൊലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. സംഭവവിവരം മറച്ചുവെച്ചതിലും പ്രതിയായ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചതിലും സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്‌കൂളിലെ പ്രധാനാധ്യാപകനെയും മാനേജ്‌മെന്റ് പ്രതിനിധികളെയും ഡിവൈഎസ്പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കും.

വിശദമായ ചോദ്യം ചെയ്യലിന് ശേഷം കേസെടുക്കാനും സാധ്യതയുണ്ട്. മലമ്പുഴ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്‌കൂളിലെ സംസ്‌കൃത അധ്യാപകനായ കൊല്ലങ്കോട് സ്വദേശി അനില്‍ ആണ് പ്രതി. നവംബര്‍ 29ന് അധ്യാപകന്റെ ക്വാര്‍ട്ടേഴ്‌സിലേക്ക് വിദ്യാര്‍ത്ഥിയെ കൊണ്ടുപോയി അതിക്രൂരമായി പീഡിപ്പിച്ചെന്നാണ് കേസ്. സഹപാഠിയോട് നടത്തിയ തുറന്നുപറച്ചിലാണ് സംഭവം പുറംലോകമറിഞ്ഞത്.

സ്‌കൂള്‍ അധികൃതര്‍ വിവരം മറച്ചുവെച്ചിരിക്കെ, സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. ഇതിന് പുറമെ പട്ടികജാതി-പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമവും ചുമത്തിയിട്ടുണ്ട്. പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.