Video Stories

ജില്ലക്കപ്പുറം കടക്കരുത്, പാസ്‌പോര്‍ട്ട് ഹാജരാക്കണം; രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജ് വിദ്യാര്‍ഥികള്‍ക്ക് വ്യവസ്ഥകളോടെ ജാമ്യം

By web desk 1

February 27, 2019

മലപ്പുറം: കശ്മീരിനും മണിപ്പൂരിനും ഫലസ്തീനും സ്വാതന്ത്ര്യം അനുവദിക്കുക എന്ന് എഴുതിയ പോസ്റ്ററുകള്‍ കോളജില്‍ പ്രദര്‍ശിപ്പിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റു ചെയ്ത മലപ്പുറം ഗവ.കോളജിലെ വിദ്യാര്‍ഥികള്‍ക്ക് ഉപാധികളോടെ ജാമ്യം.ജില്ലക്കപ്പുറം കടക്കരുത്, പാസ്‌പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കണം, ദിവസവും പൊലീസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണം തുടങ്ങിയ നിബന്ധനകളാണ് ജാമ്യവ്യവസ്ഥ.

രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ഥികളായ റിന്‍ഷാദ്, ഫാരിസ് എന്നിവര്‍ക്കാണ് മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇരുവര്‍ക്കുമെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി 124 എ വകുപ്പു പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

റാഡിക്കല്‍ സ്റ്റുഡന്റ്‌സ് ഫോറം എന്ന സംഘടനയുടെ പേരില്‍ ക്യാമ്പസില്‍ പോസ്റ്റര്‍ പതിപ്പിച്ചതിന് പ്രിന്‍സിപ്പല്‍ മാമ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

കഴിഞ്ഞ ബുധനഴ്ചയാണ് കോളജില്‍ സംഘടനയുടെ പേരില്‍ വിദ്യാര്‍ഥികള്‍ പോസ്റ്റര്‍ പതിച്ചത്. ഈ സംഘടനക്ക് കോളജില്‍ പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നു.