kerala

മലപ്പുറത്ത് മദ്യലഹരിയില്‍ കത്തിയുമായി കൊലവിളി നടത്തിയ ആള്‍ പിടിയില്‍

By Lubna Sherin K P

April 18, 2025

മലപ്പുറം തിരൂരങ്ങാടിയില്‍ മദ്യലഹരിയില്‍ പ്രേശവാസികള്‍ക്കുനേരെ കൊലവിളിനടത്തിയ യുവാവ് അറസ്റ്റില്‍. ചെമ്മാട് മാനിപ്പാടം സ്വദേശി റാഫി ആണ് അറസ്റ്റിലായത്. മദ്യ ലഹരിയില്‍ കത്തിയുമായി എത്തിയ ഇയാള്‍ കുത്തി കൊല്ലുമെന്നായിരുന്നു അയല്‍വാസികളെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസമായിരുന്നു തിരൂരങ്ങാടി മാനിപ്പാടത്ത് സംഭവം നടന്നത്. കത്തിയുമായെത്തിയ ഇയാള്‍ അയല്‍പക്കത്തെ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു.’തനിക്ക് നേരെ വന്നാല്‍ ആരായാലും വയര്‍ കുത്തി കീറും’ എന്നു പറഞ്ഞായിരുന്നു ഭീഷണിപ്പെടുത്തിയത്.

ഇയാള്‍ നിരവധി കഞ്ചാവ് കേസില്‍ ഉള്‍പ്പടെ പ്രതിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്തു.