kerala

മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; 7 വയസ്സുകാരന്‍ ഉള്‍പ്പെടെ 3 പേര്‍ക്ക് രോഗബാധ

By webdesk17

September 29, 2025

മലപ്പുറം: മലപ്പുറം ജില്ലയില്‍ മലമ്പനി (മലേറിയ) സ്ഥിരീകരിച്ചു. വണ്ടൂര്‍ അമ്പലപ്പടിയില്‍ വാടകവീട്ടില്‍ താമസിക്കുന്ന 7 വയസ്സുകാരനും മറ്റു രണ്ടുപേരും രോഗബാധിതരായി. ബാധിതര്‍ നാലുദിവസം മുമ്പാണ് ഉത്തര്‍പ്രദേശില്‍നിന്ന് എത്തിയ അതിഥി തൊഴിലാളി കുടുംബത്തിലെ അംഗങ്ങളാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. അമ്പലപ്പടി, പുല്ലൂര്‍, ഗവ. വിഎംസി സ്‌കൂള്‍ പരിസരം, താമരശ്ശേരി മഠം, നായാടിക്കുന്ന്, പുളിക്കല്‍ എന്നിവിടങ്ങളിലെ വീടുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് ബോധവല്‍ക്കരണവും ശുചീകരണ പ്രവര്‍ത്തനങ്ങളും നടത്തി.

ചിരട്ടകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഉപേക്ഷിച്ച പാത്രങ്ങള്‍, ചെടിച്ചട്ടികള്‍ തുടങ്ങിയവയില്‍ വെള്ളം കെട്ടിനിന്ന് കൊതുക് പെരുകുന്ന സാഹചര്യം കണ്ടെത്തിയിടങ്ങളില്‍ വീട്ടുകാര്‍ക്ക് ജാഗ്രത നിര്‍ദേശിച്ചു. ആരോഗ്യ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രധാന കേന്ദ്രങ്ങളില്‍ വീണ്ടും പരിശോധന നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.

മലമ്പനി രോഗലക്ഷണങ്ങള്‍

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ. ചതുപ്പു പനി എന്നും ഈ രോഗം അറിയപ്പെടുന്നു. അനോഫിലിസ് ജെനുസ്സില്‍ പെടുന്ന ചില ഇനം പെണ്‍കൊതുകുകളാണ് രോഗം പരത്തുന്നത്. വിറയലോട് കൂടിയ പനി, കുളിര്, തലവേദന, ശരീര വേദന, ക്ഷീണം, മനം പിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ചുമ, ശക്തമായ പേശി വേദന, തൊലിപ്പുറമേയും കണ്ണിലുമുള്ള മഞ്ഞനിറം, ഇടയ്ക്കിടെ വന്നു പോകുന്ന പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.

കൃത്യമായ ചികിത്സ ലഭ്യമാകാതെ പോയാല്‍ മസ്തിഷ്‌കം, കരള്‍, വൃക്ക എന്നിവയെ ബാധിച്ച് ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കാനും മരണത്തില്‍ കലാശിക്കാനും സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.