kerala

വനിത ലോങ് ജമ്പിൽ മലയാളി താരം ആൻസി സോജന് വെള്ളി

By webdesk14

October 02, 2023

ഏഷ്യന്‍ ഗെയിംസ് അത്‌ലറ്റിക്‌സില്‍ ഒരു മലയാളി താരത്തിനു കൂടി മെഡല്‍ തിളക്കം. വനിതകളുടെ ലോങ് ജംപില്‍ ഇന്ത്യക്കായി മത്സരിച്ച ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടി. കരിയറിലെ ഏറ്റവും മികച്ച പ്രകടനം തന്നെ ആന്‍സി ഹാങ്ചൗവില്‍ പുറത്തെടുത്തു.

അഞ്ചാം ശ്രമത്തില്‍ 6.63 മീറ്റര്‍ ചാടിയാണ് 19കാരി രണ്ടാം സ്ഥാനത്തേക്ക് കുതിച്ചത്. 6.73 മീറ്റര്‍ ചാടിയ ചൈനയുടെ സിയോങ് ഷിഖിക്കാണ് സ്വര്‍ണം. 6.48 മീറ്റര്‍ ചാടിയ മറ്റൊരു ഇന്ത്യന്‍ താരം ഷൈലി സിങ് അഞ്ചാമതായാണ് ഫിനിഷ് ചെയ്തത്.

ആദ്യ ശ്രമത്തില്‍ 6.13, രണ്ടാം ശ്രമത്തില്‍ 6.49, മൂന്നാം ശ്രമത്തില്‍ 6.56, നാലാം ശ്രമത്തില്‍ 6.30 മീറ്റര്‍ എന്നിങ്ങനെയായിരുന്നു ആന്‍സിയുടെ മുന്നേറ്റം. അഞ്ചാം ശ്രമത്തില്‍ ചാടിയ 6.63 മീറ്റര്‍ താരത്തിന്റെ മികച്ച വ്യക്തിഗത പ്രകടനം കൂടിയായി മാറി.