kerala

ഗസ്സയില്‍ കുടിനീരെത്തിച്ച് മലയാളി യുവതി നന്ദി പറഞ്ഞ് ഗസ്സ; കയ്യടിച്ച് സോഷ്യല്‍മീഡിയ

By webdesk17

October 04, 2025

കൊച്ചി: ഇസ്രാഈല്‍ നടത്തുന്ന വംശഹത്യയെ തുടര്‍ന്ന് ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി കുടിവെള്ളം എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് എറണാകുളം പച്ചാളം സ്വദേശിനിയും കലാകാരിയുമായ ശ്രീരശ്മി. ഗസ്സയിസ്സയില്‍ നിന്ന് തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്ത 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ട്രക്ക് എത്തിച്ച് നല്‍കിയതിന് കേരളമൊട്ടാകെപ്രശംസിക്കുമ്പോഴും ഇനിയും കൂടുതല്‍ പേരിലേക്ക് സഹായമെത്തിക്കാനുള്ള വഴികള്‍ തേടുകയാണ് സന്നദ്ധ പ്രവര്‍ത്തക കൂടിയായ ഈ യുവതി.

തന്റെ സഹായത്തിന് നന്ദി പറഞ്ഞ് ഗസ്സ ജനത പങ്കുവെച്ച വീഡിയോ സന്ദേശം ശ്രീരശ്മി തന്റെ സമൂഹമാധ്യമ അക്കൗണ്ടില്‍ ഷെയര്‍ ചെയ്തതോടെയാണ് മലയാളി യുവതിയുടെ മനുഷ്യത്വം നിറഞ്ഞ മാതൃകാപ്രവൃത്തി പുറംലോകം അറിയുന്നത്. തന്നെ സഹായിച്ച എല്ലാവര്‍ ക്കും നന്ദി പറഞ്ഞതിനൊപ്പമാണ്, രശ്മി ഗസ്സക്കാര്‍ തയ്യാറാക്കിയ വീഡിയോയും തന്റെ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.

”കുടിവെള്ള ക്ഷാമം രൂക്ഷമായ ഘട്ടത്തില്‍ പ്രൈവറ്റ് വാട്ടര്‍ ടാങ്ക് എത്തിക്കുക എന്ന വഴി മാത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ. ഫലസ്തീന് വേണ്ടി സ്‌നേഹം പകുത്തു നല്‍കുന്ന എല്ലാവര്‍ക്കും ഒരായിരം നന്ദി’-ശ്രീരശ്മി കുറിച്ചു.

‘ഇന്ത്യയിലെ കേരളത്തില്‍ നിന്നുള്ള രശ്മിക്കും സുഹൃത്തുക്കള്‍ക്കും നന്ദി’യെന്ന്് പറഞ്ഞുള്ള പോസ്റ്ററുകള്‍ പിടിച്ചാണ് സ്ത്രീകളും കുട്ടികളുമടക്കമുള്ള ഗസ്സ ജനത നന്ദി അറിയിച്ചത്. കുടിവെള്ളം ശേഖരിക്കുന്ന വീഡിയോയും ഇതിനോടൊപ്പം അവര്‍ പങ്കുവെച്ചു. ദുരിതമനുഭവിക്കുന്ന ഗസ്സ ജനതക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കാന്‍ അഭ്യര്‍ഥിച്ച് നിരവധി പോസ്റ്റുകള്‍ ശ്രീരശ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കുന്നുണ്ട്. സഹായം അയച്ചവരുടെ വിവരങ്ങളും ശ്രീരശ്മി അക്കൗണ്ടിലൂടെ പൊതുമധ്യത്തില്‍ പങ്കുവെക്കുന്നുമുണ്ട്.

2018 പ്രളയസമയത്തുംചൂരല്‍മലയുള്‍പ്പടെ വിവിധ ദുരന്ത മേഖലകളിലും സന്നദ്ധപ്രവര്‍ത്തനം നടത്തിയ ‘കൂട്ട്’ കമ്മ്യൂണിറ്റി സ്ഥാപക കൂടിയാണ് ശ്രീരശ്മി. ഗസ്സയിലെ കുഞ്ഞുങ്ങളുടെ മുഖങ്ങള്‍ സോഷ്യല്‍മീഡിയയില്‍ നിരന്തരം കാണുമ്പോള്‍ ഉറക്കം പോലും കിട്ടാത്ത അവസ്ഥയുണ്ടായിരുന്നെന്ന് ശ്രീരശ്മി പറയുന്നു. വാര്‍ത്തയാകാന്‍ വേണ്ടിയല്ല ഒന്നും ചെയത്. എന്നാലും ഗസ്സക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് പ്രചോദനമാകുന്നതില്‍ സന്തോഷമുണ്ടെന്നും ശ്രീരശ്മി പറഞ്ഞു.