News

മാളിക്കടവ് കൊലപാതകം: വൈശാഖനുമായി പൊലീസ് തെളിവെടുപ്പ്; കുറ്റബോധമുണ്ടെന്ന് പ്രതി

By vismaya

January 30, 2026

കോഴിക്കോട്: കോഴിക്കോട് മാളിക്കടവിലെ യുവതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലെ വൈശാഖന്റെ സ്ഥാപനത്തിലാണ് പ്രധാനമായും തെളിവെടുപ്പ് നടന്നത്. കേസുമായി ബന്ധപ്പെട്ട് യുവതിക്കായി ജ്യൂസ് വാങ്ങിയ കടയിലും ഉറക്കഗുളിക വാങ്ങിയ മെഡിക്കല്‍ ഷോപ്പിലും പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു.

കൊലപാതകത്തില്‍ കുറ്റബോധമുണ്ടെന്ന് വൈശാഖന്‍ പൊലീസിനോട് സമ്മതിച്ചതായി അന്വേഷണ സംഘം വ്യക്തമാക്കി. കൃത്യം നടത്തിയ കാര്യം ഭാര്യയ്ക്കറിയാമെന്നും പ്രതി മൊഴി നല്‍കി. യുവതിയുമായുള്ള ബന്ധം ഭാര്യ അറിയുമെന്ന ഭയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. പ്രതിയെ അഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

ഇതിന് പുറമെ, പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരം മറ്റൊരു എഫ്‌ഐആറും പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പതിനാറാം വയസുമുതല്‍ തന്നെ പ്രതി പീഡിപ്പിച്ചിരുന്നുവെന്ന് യുവതി തന്റെ ഡയറിയില്‍ കുറിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ്, ഒരുമിച്ച് ജീവനൊടുക്കാമെന്ന് പറഞ്ഞ് യുവതിയെ വിളിച്ചുവരുത്തി സ്വന്തം സ്ഥാപനത്തില്‍ വെച്ച് വൈശാഖന്‍ കൊലപ്പെടുത്തിയത്. കേസിന്റെ അന്വേഷണം എലത്തൂര്‍ പൊലീസ് തുടരുകയാണ്.