ന്യൂഡല്‍ഹി: വോട്ടവകാശത്തെയും ഭരണഘടനയെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പുറത്താക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഡല്‍ഹി രാംലീല മൈതാനത്ത് നടന്ന ‘വോട്ട് ചോര്‍ ഗദ്ദി ഛോഡോ’ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് രാജ്യത്തിന്റെ ഭരണഘടനയെ സാവധാനം ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വോട്ട് ചോര്‍ത്തുന്നവര്‍ വെറും നാടകക്കാരാണെന്നും വോട്ടവകാശവും ഭരണഘടനയും സംരക്ഷിക്കാന്‍ അവരെ അധികാരത്തില്‍ നിന്ന് മാറ്റേണ്ടത് അനിവാര്യമാണെന്നും ഖാര്‍ഗെ പറഞ്ഞു.
മനുസ്മൃതിയുടെയും ആര്‍എസ്എസ് നേതാക്കളായ മോഹന്‍ ഭഗവത്, ഗോള്‍വാള്‍ക്കര്‍ എന്നിവരുടെയും ആശയങ്ങള്‍ രാജ്യത്തെ നശിപ്പിക്കുമെന്ന് ഖാര്‍ഗെ തുറന്നടിച്ചു. കോണ്‍ഗ്രസിന്റെ ആശയത്തിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്ന് അദ്ദേഹം വ്യക്തമാക്കി. ഹിന്ദുത്വത്തിന്റെ പേരില്‍ ജനങ്ങളെ അടിമകളാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പാര്‍ലമെന്റില്‍ പോലും തിരഞ്ഞെടുപ്പ് വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ നല്‍കി അവര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തന്റെ മകന്റെ ശസ്ത്രക്രിയ നടക്കുന്ന സമയമായിട്ടുപോലും 140 കോടി ജനങ്ങളെ രക്ഷിക്കുക എന്ന ദൗത്യം മുന്‍നിര്‍ത്തിയാണ് താന്‍ ഈ റാലിയില്‍ പങ്കെടുത്തതെന്ന് വികാരാധീനനായി ഖാര്‍ഗെ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പോരാട്ടങ്ങളെ അദ്ദേഹം പ്രകീര്‍ത്തിച്ചു. അവകാശങ്ങള്‍ സംരക്ഷിക്കാനും കള്ളക്കഥകള്‍ പ്രചരിപ്പിക്കുന്നവരെ തുറന്നുകാട്ടാനും രാഹുല്‍ ഗാന്ധി നടത്തിയ യാത്രകളും പ്രയത്‌നങ്ങളും രാജ്യത്തിന് മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.