kerala

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദം; കെ ഗോപാലകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ ചെയ്ത് ചീഫ് സെക്രട്ടറി

By webdesk14

November 10, 2024

തിരുവനന്തപുരം: മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയരക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസിനെതിരെ നടപടിക്ക് ശുപാര്‍ശ. ഗോപാലകൃഷ്ണൻ നൽകിയ മറുപടി തൃപ്തികരമല്ലെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്. ഉചിതമായ നടപടി സ്വീകരിക്കാൻ ശുപാര്‍ശയും നൽകിയിരിക്കുകയാണ്.

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി നേരത്തെ വിശദീകരണം തേടിയിരുന്നു. നേരത്തെ ഫോൺ ഹാക്ക് ചെയ്തെന്നായിരുന്നു ഗോപാലകൃഷ്ണൻ്റെ അവകാശവാദം.ഫോൺ ഹാക്ക് ചെയ്ത് ഗ്രൂപ്പ് ഉണ്ടാക്കി എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. കെ ഗോപാലകൃഷ്ണൻ്റെ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന റിപ്പോർട്ട് ഡിജിപി ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു.

കെ. ഗോപാലകൃഷ്ണൻറെ നടപടികൾ സംശയാസ്പദമാണെന്ന പരാമർശത്തോടെയുള്ള റിപ്പോർട്ടാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ ഡിജിപിക്ക് കൈമാറിയത്. ഇരു ഫോണുകളും ഫോർമാറ്റ് ചെയ്ത് നൽകിയ രീതിയിലാണ് കമ്മീഷണർ സംശയം പ്രകടിപ്പിച്ചത്. പൊലീസിന് നൽകും മുൻപ് ഗോപാലകൃഷ്ണൻ ഫോണുകൾ ഫോർമാറ്റ് ചെയ്തു. മൂന്നോ നാലോ തവണ റീസെറ്റ് ചെയ്തു. ഇതിനാൽ ഫൊറൻസിക് പരിശോധനയിൽ ഹാക്കിങ് നടന്നോ ഇല്ലയോ എന്ന് സ്ഥിരീകരിക്കാനായില്ല. സ്വകാര്യ വിവരങ്ങൾ നീക്കം ചെയ്യുന്നുവെന്നറിയിച്ച ശേഷമായിരുന്നു ഫോർമാറ്റ് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.