kerala

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ്; സസ്‌പെന്‍ഷന്‍ ഉത്തരവില്‍ കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തല്‍

By webdesk17

November 12, 2024

മല്ലു ഹിന്ദു വാട്‌സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചതിനെ തുടര്‍ന്ന് സസ്‌പെന്‍ഷന്‍ നടപടിക്ക് വിധേയമായ വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെതിരെ ഗുരുതര കണ്ടെത്തലുകള്‍. ഗോപാലകൃഷ്ണന്‍ മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് ഉണ്ടാക്കി എന്നത് ബോധ്യപ്പെട്ടുവെന്നും സമാധാനാന്തരീക്ഷത്തെ തകര്‍ക്കുന്നതാണ് ഇതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

അതേസമയം സര്‍ക്കാരിന്റെ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ എന്‍ പ്രശാന്ത് ഐഎഎസ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഇരുവരും വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിച്ചതായി ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

മതാടിസ്ഥാനത്തില്‍ ഐഎഎസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചതിനാണു കെ.ഗോപാലകൃഷ്ണനെതിരെ സസ്‌പെന്‍ഷന്‍ നടപടിയെടുത്തത്. ധന അഡിഷനല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചതിനാണ് പ്രശാന്തിന് സസ്‌പെന്‍ഷന്‍ ലഭിച്ചത്.