പശ്ചിമ ബംഗാളിലെ സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത പുതിയ ഹര്‍ജി വാദിക്കാന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി നേരിട്ട് ഹാജരായി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വിപുല്‍ പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ‘ജനാധിപത്യം സംരക്ഷിക്കാനാണ് തന്റെ പോരാട്ടം, ജനങ്ങള്‍ക്ക് വേണ്ടിയാണ് കോടതിയില്‍ വന്നതെന്ന് സുപ്രീം കോടതിയില്‍ ശക്തമായി മമത വാദിച്ചു. വാദം ഇന്നത്തേക്ക് അവസാനിച്ചു.
ജനങ്ങള്‍ വീടുകളില്‍ ഇല്ലാത്ത സമയം നോക്കിയാണ് എസ്‌ഐആര്‍ നോട്ടീസ് നല്‍കിയത്. 100 ലധികം പേരാണ് എസ് ഐ ആറിനെതുടര്‍ന്ന് മരണപ്പെട്ടത്. എന്തുകൊണ്ട് അസമില്‍ എസ്‌ഐആര്‍ ഇല്ല. തിരഞ്ഞെടുപ്പിനെ മുന്നില്‍കണ്ട് ബംഗാളിനെ ലക്ഷ്യം വയ്ക്കുന്നു. ആധാര്‍ കാര്‍ഡ് രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞിരുന്നു എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അത് അംഗീകരിക്കുന്നില്ലെന്നും മമത വ്യക്തമാക്കി.
ഇലക്ഷന്‍ കമ്മിഷനില്‍ നിന്ന് നീതി ലഭിക്കുന്നില്ല. കമ്മീഷന് നിരവധി തവണ കത്തയച്ചിട്ടും മറുപടി ലഭിക്കുന്നില്ല. പാര്‍ട്ടിക്ക് വേണ്ടി അല്ല ജനങ്ങള്‍ക്ക് വേണ്ടി ആണ് കോടതിയില്‍ വന്നത് എന്നും മമത ചൂണ്ടിക്കാട്ടി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബംഗാളിനെ മാത്രം കമ്മീഷന്‍ ലക്ഷ്യം വയ്ക്കുന്നു. ബംഗാള്‍ സര്‍ക്കാരിന്റെ രേഖകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ക്ക് അധികാരം നല്‍കുന്നില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള വരെയാണ് നിരീക്ഷകരായി നിയോഗിച്ചിരിക്കുന്നത് എന്നും മമത ചൂണ്ടിക്കാട്ടി.
ആവശ്യമായ ജീവനക്കാരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിഭാഷകര്‍ പറയുന്നത് പച്ചക്കള്ളം.തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട ജീവനക്കാരെ നല്‍കിയിട്ടുണ്ട് എന്നും മമത മറുപടി നല്‍കി. കേസില്‍ തിങ്കളാഴ്ച വിശദമായ വാദം കേള്‍ക്കും എന്ന് സുപ്രിം കോടതി അറിയിച്ചു.