കൊല്‍ക്കത്ത: ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് വെള്ളിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെയാണ് മമത കേന്ദ്ര സര്‍ക്കാരിനെതിരെയും ബിജെപിക്കെതിരെയും ആരോപണം ഉന്നയിച്ചത്.
നേതാജി സുഭാഷ് ചന്ദ്രബോസ്, മഹാത്മാഗാന്ധി, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയ ദേശീയ പ്രതിഭകളെ ബിജെപി അപമാനിക്കുകയാണെന്നും ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാനുള്ള ശ്രമങ്ങളാണ് കേന്ദ്രം നടത്തുന്നതെന്നും മമത ആരോപിച്ചു. മഹാത്മാഗാന്ധി, രവീന്ദ്രനാഥ ടാഗോര്‍, നേതാജി, ബാബാസാഹേബ് അംബേദ്കര്‍ തുടങ്ങിയ മഹദ്വ്യക്തികളോടുള്ള അനാദരവും നന്ദികേടും ഭരണതലത്തില്‍ തന്നെ പ്രകടമാണെന്നും അവര്‍ പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനികള്‍ സ്വപ്നം കണ്ട ഇന്ത്യയെ ബിജെപി തകര്‍ക്കുകയാണെന്നും നേതാജിയുടെ അമൂല്യമായ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. നേതാജിയുടെ ജന്മദിനം ഇതുവരെയും ദേശീയ അവധിയായി പ്രഖ്യാപിക്കാത്തതും ഇതിന്റെ ഉദാഹരണമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ മുതല്‍ നേതാജി വരെയുള്ള നേതാക്കള്‍ സ്വപ്നം കണ്ട സ്വതന്ത്ര ഇന്ത്യ ഇല്ലാതാകുകയാണെന്നും രാജ്യത്തിന്റെ ചരിത്രവുമായി ബന്ധമില്ലാത്ത പുതിയ ചരിത്രം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്നും മമത പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടര്‍ പട്ടിക പുതുക്കല്‍ നടപടികളെയും മമത രൂക്ഷമായി വിമര്‍ശിച്ചു. നേതാജി ഇന്ന് ജീവിച്ചിരുന്നെങ്കില്‍ പോലും അദ്ദേഹത്തോട് പൗരത്വ രേഖകള്‍ ആവശ്യപ്പെടുമായിരുന്നുവെന്ന് അവര്‍ പരിഹസിച്ചു. നേതാജിയുടെ പേരക്കുട്ടി ചന്ദ്രകുമാര്‍ ബോസിനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിപ്പിച്ചതും ഇതിന്റെ ഉദാഹരണമാണെന്ന് മമത ചൂണ്ടിക്കാട്ടി.
എസ്ഐആര്‍ നടപടിക്കിടെ 110-ലധികം പേര്‍ മരിച്ചതായും ഇതിന്റെ ഉത്തരവാദിത്വം തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സര്‍ക്കാരും ഏറ്റെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തെ ‘ചക്രന്തനഗരി’ (ഗൂഢാലോചനകളുടെ നഗരം) എന്ന് വിശേഷിപ്പിച്ച മമത, ബംഗാളിന്റെ സംസ്‌കാരവും ഭാഷയും സംരക്ഷിക്കാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ ഒന്നിക്കുമെന്നും വ്യക്തമാക്കി.
നേതാജിയുമായി ബന്ധപ്പെട്ട കേന്ദ്ര ആര്‍കൈവ്‌സിലുള്ള എല്ലാ ഫയലുകളും അടിയന്തരമായി പരസ്യപ്പെടുത്തണമെന്നും മമത ആവശ്യപ്പെട്ടു. 1945ന് ശേഷം നേതാജിക്ക് എന്ത് സംഭവിച്ചു എന്ന ദുരൂഹത ഇപ്പോഴും നീങ്ങിയിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തുവിടണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വീണ്ടും ആവശ്യപ്പെടുകയാണെന്നും മമത പറഞ്ഞു.